ബിജോ ടോമി
കൊച്ചി: ഫോർട്ടുകൊച്ചി ബോട്ടപകടം നടന്നു രണ്ടു വർഷം പിന്നിടുന്പോഴും ജലയാനങ്ങളുടെ സുരക്ഷിതയാത്രയ്ക്കു സംവിധാനങ്ങളൊരുക്കാതെ അധികാരികളുടെ അനാസ്ഥ തുടരുന്നു. പശ്ചിമകൊച്ചി, വൈപ്പിൻ ദ്വീപുകളിലേക്കുള്ള ബോട്ടുയാത്ര ഇന്നും സാഹസികതയും ഭീതിയും നിറഞ്ഞതാണ്. നിലവിൽ എട്ടു യാത്രാ ബോട്ടുകളാണു ജലഗതാഗത വകുപ്പ് എറണാകുളം ജെട്ടിയിൽനിന്നു സർവീസ് നടത്തുന്നത്.
ദിവസേന നൂറു കണക്കിനാളുകൾ ഈ ബോട്ടുകളിൽ യാത്ര ചെയ്യുന്നു. പത്തുവർഷത്തിലേറെ പഴക്കം ചെന്നവയാണ് എല്ലാ ബോട്ടുകളും. കാലപ്പഴക്കത്താൽ ദ്രവിച്ച ബോട്ടിന്റെ ഭാഗങ്ങളിൽ തകരപ്പാട്ടകൾ അടിച്ചിരിക്കുന്നു.ഫോർട്ടുകൊച്ചി അപകടത്തെത്തുടർന്നു യാത്രക്കാർക്കു ലൈഫ് ജാക്കറ്റുകൾ നൽകിയുള്ള പരീക്ഷണങ്ങൾ ആദ്യ ദിവസങ്ങളിലുണ്ടായെങ്കിലും ഇപ്പോൾ ജാക്കറ്റുകൾ ബോട്ടിനുള്ളിൽ തന്നെ കൂട്ടിയിട്ടിരിക്കുകയാണ്.
ജനങ്ങൾക്കു സുരക്ഷയൊരുക്കേണ്ട അധികാരികൾ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നു. അധികൃതരുടെ അനാസ്ഥ തുടർന്നാൽ ഇനിയൊരു ദുരന്തം അകലയല്ല.എറണാകുളത്തുനിന്നു ഫോർട്ടുകൊച്ചിയിലേക്കു ദിവസേന അറുപതു ട്രിപ്പുകളും മട്ടാഞ്ചേരിയിലേക്ക് ഇരുപത്തഞ്ചു ട്രിപ്പുകളുമുണ്ട്. എന്നാൽ യന്ത്രത്തകരാറും മറ്റു തടസങ്ങളും കാരണം ഇതിന്റെ പകുതി പോലും ട്രിപ്പുകൾ മിക്ക ദിവസവും ഉണ്ടാകാറില്ല.
യാത്രയ്ക്കിടയിൽ എൻജിൻ തകരാറിലായി സർവീസ് നിർത്തുന്നതും ബോട്ട് നിയന്ത്രണമില്ലാതെ കായലിൽ ഒഴുകിനടക്കുന്നതും വാർത്തയല്ലാതായിരിക്കുന്നു. പലപ്പോഴും തലനാരിഴയ്ക്കാണു വലിയ അപകടങ്ങളിൽനിന്നു രക്ഷപെടുന്നത്. അപകടത്തിനുശേഷം ഫോർട്ടുകൊച്ചി, വൈപ്പിൻ കരകളെ ബന്ധിപ്പിച്ചു പാപ്പിയെന്ന ബോട്ട് നഗരസഭ നീറ്റിലിറക്കിയിരുന്നു.
കാർഷിക ആവശ്യത്തിന് ഉപയോഗിച്ചിരുന്ന ബോട്ട് രൂപമാറ്റം വരുത്തി ആലപ്പുഴയിലെ കൈനകരിയിൽനിന്നാണു കൊച്ചിയിലെത്തിച്ചത്. അഴിമുഖത്ത് സർവീസ് നടത്താവുന്ന രൂപകല്പനയിലുള്ളതായിരുന്നില്ല ബോട്ട്. സാങ്കേതിക കാരണങ്ങളാൽ ഈ ബോട്ട് പണിമുടക്കുന്നതും പതിവ്.
ഇതിലെ യാത്ര അപകടം മുന്നിൽകണ്ടുള്ളതാണെന്നു യാത്രക്കാർ പറയുന്നു. ഉപ്പുവെള്ളം കയറുന്നതു മൂലം ബോട്ടിന്റെ എൻജിൻ കൂളിംഗിനുള്ള പന്പും സൈലൻസറും തകരാറിലാകുന്നതാണു ബോട്ടുകളുടെ സർവീസ് മുടങ്ങുന്നതിനുള്ള പ്രധാന കാരണമെന്നു സംസ്ഥാന ജലഗതാഗത വകുപ്പ് എറണാകുളം ട്രാഫിക് കണ്ട്രോളർ സുജിത് പറയുന്നു. കായലിന്റെ അടിത്തട്ടിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അധികമാണ്.
പ്രൊപ്പല്ലറിൽ കുരുങ്ങുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പങ്കയിൽ ഉരുകിപ്പിടിക്കുന്നതും സർവീസുകളെ ബാധിക്കുന്നുണ്ട്. ഉൾനാടുകളിൽ ആളുകൾ മാലിന്യങ്ങൾ കായലിലേക്കു നിർബാധം തള്ളുന്നു. വെള്ളത്തിലേക്കു വെട്ടിയിടുന്ന വാഴ പോലുള്ള ജൈവവസ്തുക്കൾ പ്രൊപ്പല്ലറിൽ കുടുങ്ങുന്നതു ബോട്ടുകൾക്കു യന്ത്രത്തകരാർ ഉണ്ടാക്കുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു. ഇരട്ട എൻജിനുള്ള ഒൻപതു ബോട്ടുകൾക്കു സർക്കാരിൽനിന്നു അനുമതി ലഭിച്ചിട്ടുണ്ടെന്നും ടെൻഡർ നടപടി ഉടൻ ആരംഭിക്കുമെന്നും സുജിത് പറഞ്ഞു.