കൊച്ചി: പുതുവൈപ്പിലെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ(ഐഒസി) നിർദിഷ്ട പാചകവാതക സംഭരണ കേന്ദ്രത്തിനെതിരായ സമരത്തിൽ സർക്കാരുമായി ചർച്ചയ്ക്കു തയാറെന്ന് സമരസമിതി. ചർച്ചയ്ക്കു ക്ഷണിച്ചുകൊണ്ടുള്ള കത്ത് സമരസമിതി കൈപ്പറ്റി. ബുധനാഴ്ച തിരുവനന്തപുരത്താണ് ചർച്ച വിളിച്ചുചേർത്തിരിക്കുന്നത്. ചർച്ചയിൽ ആരൊക്കെ പങ്കെടുക്കുമെന്ന കാര്യം പിന്നീട് അറിയിക്കും.
നിർദിഷ്ട പാചകവാതക സംഭരണ കേന്ദ്രത്തിനെതിരേ സമരം ചെയ്തവർക്കെതിരേ കഴിഞ്ഞദിവസം പോലീസ് അതിക്രമം അഴിച്ചുവിട്ടിരുന്നു. താത്കാലികമായി നിർത്തിവച്ചിരുന്ന എൽപിജി ടെർമിനലിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതോടെ പ്രദേശത്തു സംഘർഷം ഉടലെടുക്കുകയായിരുന്നു. സമരവുമായെത്തിയ നാട്ടുകാർക്കു നേരേ പതിനൊന്നോടെ പോലീസ് അതിക്രമം അഴിച്ചുവിട്ടു. കണ്ണിൽക്കണ്ടവരെയെല്ലാം പോലീസ് തല്ലിച്ചതച്ചു. പോലീസ് മർദനത്തിൽ സത്രീകളടക്കം നിരവധിപ്പേർക്കു പരിക്കേറ്റു.
നൂറ്റിമുപ്പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പരിക്കേറ്റു ജനറൽ ആശുപത്രിയിൽ കഴിയുന്ന ഒരാളുടെ തലയ്ക്കു സാരമായി മുറിവേറ്റിട്ടുണ്ട്. പോലീസ് അക്രമവും കസ്റ്റഡി പീഡനവും തുടരുന്നതിന്റെ പശ്ചാത്തലത്തിൽ ചർച്ചയ്ക്കുള്ള ക്ഷണം ആദ്യം സമരസമിതിക്കാൻ നിരസിച്ചിരുന്നു.