വൈപ്പിൻ: രണ്ട് വട്ടം കഴിഞ്ഞവർക്ക് മൂന്നാം വട്ടവും സീറ്റ് നൽകേണ്ടതില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഉറച്ച തീരുമാനം വന്നതോടെ വൈപ്പിൻ മണ്ഡലത്തിലെ സിപിഎം ഔദ്യോഗിക പക്ഷക്കാർക്കൊപ്പം കോണ്‍ഗ്രസുകാരുടെ മനസിലും ലഡു പൊട്ടി.
സിപിഎം സെക്രട്ടേറിയേറ്റിന്റെ തീരുമാനം അനുസരിച്ച് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും മത്സരംഗത്തുണ്ടായിരുന്ന എസ്. ശർമ മൂന്നാം വട്ടം ഇല്ലെന്ന ആശ്വാസമാണ് കോണ്‍ഗ്രസുകാരുടെ മനസിൽ ലഡുപൊട്ടാൻ കാരണം.
അതേ സമയം ഏറെ നാളുകളായി ഔദ്യോഗിക പക്ഷം ആഗ്രഹിച്ചിരുന്ന വൈപ്പിൻ സീറ്റ് കെ.എൻ. ഉണ്ണിക്കൃഷ്ണനു ലഭിക്കുമെന്നതാണ് ഔദ്യോഗിക പക്ഷത്തിന് ആഹ്ലാദത്തിനു ഇട നൽകിയിട്ടുള്ളത്.
സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ തീരുമാനത്തിൽ വൈപ്പിനിൽ ഉണ്ണിക്കൃഷ്ണന്റെ സ്ഥാനാർഥിത്വം ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്. ഇന്നു ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ ഇതിനു മാറ്റമുണ്ടാവില്ലെന്നാണ് ഇവരുടെ പ്രതികരണം.
സെക്രട്ടേറിയേറ്റ് എടുത്ത തീരുമാനം സംസ്ഥാന സമിതി തള്ളിക്കളഞ്ഞ ചരിത്രം സിപിഎമ്മിൽ ഉണ്ടായിട്ടില്ലെന്നാണ് ഇതിനു പിൻബലമായി ഇവർ പറയുന്നത്. അങ്ങിനെ വന്നാൽ വിശ്വാസം നഷ്ടപ്പെട്ട സെക്രട്ടേറിയറ്റ് ഒന്നടങ്കം രാജിവയ്ക്കേണ്ടിവരുമെന്നും ഇവർ സൂചിപ്പിക്കുന്നു.
എന്നാൽ വിജയസാധ്യത കണക്കിലെടുത്ത് സംസ്ഥാനസമിതി വിഷയം ചർച്ച ചെയ്ത് ഏതാനും പേർക്ക് ഇളവ് നൽകുമെന്നും അതിൽ എസ്. ശർമയും ഉൾപ്പെടുമെന്നുമാണ് ശർമ അനുകൂലികളുടെ പ്രതികരണം.