വൈപ്പിൻ: സിപിഐക്കു പുറമേ മറ്റു പാർട്ടികളും പോലീസിനെതിരെ രംഗത്ത് വന്നതോടെ വൈപ്പിനിൽ പോലീസ് രാഷ്ട്രീയ ചേരിപ്പോര് മുറുകുന്നു. എൻസിപിയും യൂത്ത് കോൺഗ്രസുമാണ് ഞാറയ്ക്കൽ സിഐക്കെതിരേ പരാതിയുമായി രംഗത്തുള്ളത്. ജില്ലാ സെക്രട്ടറിയെ തടഞ്ഞവർക്കെതിരേ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐ ഇന്നലെ പ്രകടനം നടത്തിയിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തുന്ന ജനങ്ങളോടും പൊതു പ്രവർത്തകരോടും മോശമായി സംസാരിക്കുകയും ഭീഷിണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് എൻസിപിയുടെ ആരോപണം.
ഈ നടപടിക്കെതിരേ ആഭ്യന്തര വകുപ്പിനു പരാതി നൽകാൻ വൈപ്പിൻ ബ്ലോക്ക് കമ്മിറ്റിയോഗം തീരുമാനമെടുത്തു. പ്രസിഡന്റ് എം.എച്ച്. റഷീദ് അധ്യക്ഷത വഹിച്ചു. സുമദത്തൻ, പ്രമോദ് മാലിപ്പുറം, സാജു ധർമ്മപാലൻ സുധീർ, ദിൽഷാദ്, ടോമി പയ്യപ്പിള്ളി, ഷാജി ഇല്ലിപ്പറന്പിൽ യോഗത്തിൽ സംസാരിച്ചു . ഇതിനിടെ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിലെ സംഘർഷവുമായി ബന്ധപെട്ടു പിടിച്ചുമാറ്റാൻ ചെന്ന പരിസരവാസികളെ ഡിവൈഎഫ്ഐ, എസ്എഫ്ഐ ഗുണ്ടകൾ ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടും ഞാറക്കൽ സിഐ നടപടിയില്ലെന്ന് യൂത്ത് കോണ്ഗ്രസ് നേതാക്കൾ പരാതിപ്പെട്ടു.
കുറ്റക്കാർക്കെതിരെ നടപടികൾ എടുക്കാതെ ഞാറക്കൽ സിഐ അവർക്ക് ഒത്താശ ചെയ്യുകയാണെന്ന് യൂത്ത് കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ജെ. ജസ്റ്റിൻ യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡണ്ട് സ്വാതിഷ് സത്യൻ എന്നിവർ ആരോപിച്ചു. അതേ സമയം പരാതിയും ഫോണ് റെക്കോഡിംഗും പരിശോധിച്ചെങ്കിലും വധ ഭീഷണി മുഴക്കിയതായി കണ്ടെത്തിയില്ലെന്നും പരാതിക്കാരെയും എതിർകക്ഷികളെയും വിളിച്ചു വരുത്തി പരാതി ഒത്തു തീർന്നുവെന്നും പോലീസ് അറിയിച്ചു.
ഇതിനിടെ ഇന്നലെ എറണാകുളത്ത് പോലീസ് സിപിഐ മാർച്ചിനെതിരെ നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് സിപിഐക്കാർ പോലീസിനെതിരേ ഇന്നലെ വൈപ്പിനിൽ വൻ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. സിപിഐ വൈപ്പിൻ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പോലീസിനെതിരേ പ്രതിഷേധ പ്രകടനം നടത്തി സിപിഐ വൈപ്പിൻ മണ്ഡലം സെക്രട്ടറി ഇ.സി. ശിവദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം എൻ.കെ. ബാബു, എ.എസ്. ജയദീപ് എന്നിവർ നേതൃത്വം നൽകി.
നടക്കുന്നത് രാഷ്ട്രീയനാടകം: പോലീസ്
വൈപ്പിൻ: വൈപ്പിനിൽ നടക്കുന്നത് എല്ലാം രാഷ്ട്രീയ നാടകമെന്ന് പോലീസ്. എളങ്കുന്നപ്പുഴ ഗവ. കോളജിൽ ഉണ്ടായ എസ്എഫ്ഐ, എഐഎസ്എഫ് സംഘട്ടനവും തുടർന്ന് എഐഎസ്എഫുകാർക്കെതിരെ കോളജിനു പുറത്തുവച്ചുണ്ടായ ആക്രമണവും രണ്ടും രണ്ട് സംഭവങ്ങളാണ്. ഇതിൽ പോലീസ് രണ്ട് കേസുകൾ ചാർജു ചെയ്യുകയും 12 പ്രതികളെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.
അതേസമയം ഈ സംഭവത്തിൽ ആശുപത്രിയിൽ കിടന്നിരുന്ന എഐഎസ്എഫ് പ്രവർത്തകരെ കാണാനെത്തിയ സിപിഐ ജില്ലാ സെക്രട്ടറിയെ തടഞ്ഞെന്നു പറയുന്ന സംഭവുമായി ബന്ധപ്പെട്ട് യാതൊരു പരാതിയും നിലവിൽ ഇല്ല. ഈ സാഹചര്യത്തിൽ കേസെടുക്കാൻ പോലീസിനു നിർവാഹമില്ല. പോലീസ് ആശുപത്രി വളപ്പിൽ എത്തിയത് സംഘർഷം ഒഴിവാക്കാനാണ്.
ആശുപത്രിവളപ്പിൽ സംഘർമുണ്ടാക്കി ക്രമസമാധാനം തകർക്കാൻ ശ്രമിച്ചതിനു പോലീസ് സ്വമേധയാ കുറച്ചുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിൽ സിപിഐ ജില്ലാ സെക്രട്ടറി പ്രതി അല്ലെന്നും പോലീസ് പറയുന്നു.
്