വൈപ്പിൻ: മാലിപ്പുറം വളപ്പ് ഭാഗത്ത് പ്രവർത്തിച്ചിരുന്ന ഫാസ്റ്റ് ഫുഡ് കടയിൽ നിന്നു പൊരിച്ച ചിക്കൻ കഴിച്ച 12 പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. കഴിഞ്ഞ ദിവസമാണ് സംഭവം.ഇതേത്തുടർന്ന് സ്കൂൾ മുറ്റം വല്ലശേരി അർജുനൻ( 24), തറപറന്പിൽ വിഷ്ണു ( 23), തോട്ടുങ്കര നിജിൻ ( 24), എളങ്കുന്നപ്പുഴ കപ്പിത്താൻപറന്പിൽ സെബാസ്റ്റ്യൻ( 52), ഭാര്യ മേരി സെബാസ്റ്റ്യൻ (48), മക്കളായ സാംസണ് സെബാസ്റ്റ്യൻ ( 22), ഷാൻ സെബാസ്റ്റ്യൻ (12), പുതുവൈപ്പ് കർത്തേടത്ത് നിധീഷ് (25), മാലിപ്പുറം കണ്ണശേരി അമൻ (18), കുന്നപ്പിള്ളി മൻസിയ (28), വളപ്പ് രാമച്ചാൻ കെട്ടിൽ മേരി ഹർമ്യൻ (28), മിഥുൻ എന്നിവരെ മാലിപ്പുറം ആശുപത്രിയിലും ഓച്ചന്തുരുത്ത്, എളങ്കുന്നപ്പുഴ, ഞാറയ്ക്കൽ മേഖലയിലെ സ്വകാര്യആശുപത്രികളിലും പ്രവേശിപ്പിച്ചു.
പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഫാസ്റ്റ് ഫുഡ് കട അടപ്പിച്ചു. ഈ സ്ഥാപനത്തിൽ പഴകിയ ഭക്ഷണ സാധനങ്ങളും വൃത്തിഹീനമായ ഉപകരണങ്ങളും പാത്രങ്ങളും പിടിച്ചെടുത്തു. എളങ്കുന്നപ്പുഴ പഞ്ചായത്ത് ലൈസൻസും ആരോഗ്യവകുപ്പ് അനുമതിയും ഇല്ലാതെയായിരുന്നു പ്രവർത്തനമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. തൊഴിലാളികളായ ഇതര സംസ്ഥാനക്കാർക്ക് ഹെൽത്ത് കാർഡുകളുമില്ല.
മാലിപ്പുറം കമ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. അപ്പു സിറിയക്കിന്റെ നിർദ്ദേശമനുസരിച്ച് ഇടപ്പള്ളി ബ്ലോക്ക് ഹെൽത്ത് ഓഫീസർ ജോസ് അഗസ്റ്റിൻ, ഹെൽത്ത് ഇൻസ്പെക്ടർ എം.എം. സോജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. ജോയ്, മേരി ആഗ്നസ്, പി.ജി. ആന്റണി എന്നിവരാണു പരിശോധന നടത്തിയത്. നടത്തിപ്പുകാർക്കെതിരേ നിയമ നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.