വൈപ്പിൻ : പ്രായപൂർത്തിയാകാത്ത രണ്ടു സഹോദരിമാർ ഉൾപ്പെടെ മൂന്നു പെണ്‍കുട്ടികളെ അർധരാത്രി വീട്ടിൽ നിന്നു കടത്തിക്കൊണ്ടുപോയി. വൈപ്പിൻ എടവനക്കാടാണ് സംഭവം. പിന്നീട് മൂവരെയും കണ്ടെത്തി പോലീസ് നടത്തിയ ചോദ്യം ചെയ്യലിനെത്തുടർന്ന് സംഭവവുമായി ബന്ധപ്പെട്ടു മൂന്നു യുവാക്കളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾ സഹോദരിമാരാണ് . മറ്റൊരു പെണ്‍കുട്ടി ഇവരുടെ അയൽവാസിയും കൂട്ടുകാരിയുമാണ്.
ബന്ധുക്കൾ ഞാറക്കൽ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിഐ സജിൻ ശശി, എസ്ഐ സംഗീത് ജോബ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ പെണ്‍കുട്ടികളെ ബീച്ചിൽനിന്നു തന്നെ കണ്ടെത്തി. ഇവരെ ചോദ്യം ചെയ്തശേഷമാണ് മൂന്നു യുവാക്കളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്നു പോലീസ് വ്യക്തമാക്കി.
അതേസമയം, രാത്രി വീടു വിട്ടിറങ്ങിയ എടവനക്കാട് സ്വദേശികളായ മൂന്നു പെണ്‍കുട്ടികളിൽ രണ്ട് പേർ കടലിൽ കാണാതായെന്ന വ്യാജ വാർത്തയാണ് ആദ്യം നാട്ടിൽ പ്രചരിച്ചത്. ഇതാകട്ടെ നാട്ടുകാരെയും പോലീസിനെയും അഗ്നിശമനസേനാംഗങ്ങളേയും സ്കൂബാ ഡൈവിംഗ് ടീമുകളെയും മണിക്കൂറുകളോളം വട്ടംകറക്കി.
നേരം പുലർന്നപ്പോൾ കുട്ടികളെ കാണാതായതിനെത്തുടർന്നാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഇതിൽ ഒരാളെ ഇന്നലെ രാവിലെ കുഴുപ്പിള്ളി ബീച്ചിൽ കണ്ടെത്തി. ഈ കുട്ടിയെ ചോദ്യം ചെയ്പ്പോൾ മറ്റു രണ്ടുപേർ കടലിലിറങ്ങി കാണാതായി എന്ന് നുണ പറഞ്ഞതാണ് സ്ഥിതി സങ്കീർണമാക്കിയത്.
പോലീസ് വിവരമറിയിച്ചതോടെ രാവിലെ എട്ടരയോടെ ഫോർട്ടുകൊച്ചിയിൽനിന്നു 20 അംഗ സ്കൂബാ ഡൈവിംഗ് ടീമും മാലിപ്പുറത്തുനിന്ന് 10 അംഗ അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിനുള്ള സന്നാഹങ്ങളുമായി ബീച്ചിലെത്തി. ഉച്ചയ്ക്ക് ഒന്നുവരെ ഇവർ കടലിൽ നിരീക്ഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇതിനിടെ, സംഭവത്തിൽ ദുരൂഹതയേറിയതോടെ കാണാതായ പെണ്‍കുട്ടികളിൽ ഒരാളുടെ മൊബൈൽ നന്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ടു പേരെയും ബീച്ചിലെ മറ്റൊരിടത്തുനിന്നു കണ്ടെത്തുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യൽ നടത്തുകയും ചെയ്തു.
ഇതേത്തുടർന്നാണ് സംഭവവുമായി ബന്ധമുള്ള മൂന്നു യുവാക്കളെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടികളെ വൈദ്യ പരിശോധന നടത്തി ഞാറയ്ക്കൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതിയുടെ നിർദേശപ്രകാരം പിന്നീട് കുട്ടികളെ വീട്ടുകാർക്കൊപ്പം വിട്ടയച്ചു.