വൈപ്പിൻ: പുതുവൈപ്പ് എൽഎൻജി ടെർമിനലിനടുത്ത് കടൽത്തീരത്ത് അടിഞ്ഞ രണ്ട് കാലുകൾ സ്ത്രീയുടേതല്ല പുരുഷന്റേതാണെന്ന് പോലീസ്. എറണാകുളം ജനറലാശുപത്രിയിൽ സൂക്ഷിച്ചിരുന്ന കാലുകൾ ഇന്നലെ പോലീസ് സർജനെക്കണ്ട് പോസ്റ്റ്മോർട്ടം നടത്തിയശേഷമാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ഉദേശം 40നും 50നും ഇടയിൽ പ്രായമുള്ളയാളുടേതാണ് കാലുകൾ.
കാൽ കണ്ടെത്തിയപ്പോൾ പോലീസിന്റെ പരിശോധനയിൽ കാലുകൾ സ്ത്രീയുടേതാണെന്ന് സംശയം പറഞ്ഞിരുന്നു. കാലുകൾ മരണശേഷം അറ്റ് പോയതായിരിക്കാമെന്നാണ് പോലീസ് സർജന്റെ നിഗമനം. ഫോറൻസിക് പരിശോധനക്കായി ഡിഎൻഎ സാന്പിൾ ഉൾപ്പെടെ ശേഖരിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഡിഎൻഎ പരിശോധനാ ഫലവും ലഭിച്ചാൽ മാത്രമെ കൂടുതൽ വ്യക്തത വരുകയുള്ളെന്ന് മുളവുകാട് പോലീസ് അറിയിച്ചു.
ഈ മാസം എട്ടിന് മത്സ്യത്തൊഴിലാളികളാണ് തീരത്ത് കാലുകൾ കണ്ടെത്തിയത്. ഒരു കാൽ അരയ്ക്ക് കീഴെനിന്നും മുറിഞ്ഞ രീതിയിലും രണ്ടാമത്തേത് പാദം വേർപെട്ട് രണ്ടായ നിലയിലുമായിരുന്നു. അതേ സമയം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇവിടെ തന്നെ കണ്ടെത്തിയ പുരുഷന്റെ ഉണങ്ങിയ അവസ്ഥയിലുള്ള തലയോട്ടിയും ശരീരഭാഗങ്ങളും ഇന്നും ദുരൂഹതകൾ അഴിയാതെ അവശേഷിക്കുകയാണ്.
ഉണങ്ങിയ മനുഷ്യ ശരീരം കണ്ടെത്തിയപ്പോൾ കുരങ്ങിന്റേതെന്നായിരുന്നു പോലീസ് നിഗമനം . എന്നാൽ പിന്നീട് ഫോറൻസിക് പരിശോധന നടത്തിയപ്പോഴാണ് മനുഷ്യന്റെതാണെന്ന് വ്യക്തമായത്. പിന്നീട് ഇത് സംബന്ധിച്ച് അന്വേഷണം ഒന്നും ഉണ്ടായില്ല. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തെളിഞ്ഞതുമില്ല. ഇതിനിടയിലാണ് വീണ്ടും ദുരൂഹതയുണർത്തി മനുഷ്യന്റെ കാലുകൾ മാത്രം കരക്കടിഞ്ഞത്.