വൈപ്പിന്‍: ഒരു ജനതയുടെ അതിജീവനത്തിനായുള്ള പോരാട്ടത്തിനെ പോലീസ് രാജ് ഉപയോഗിച്ച് നേരിടാനുള്ള സര്‍ക്കാര്‍ നീക്കം അപലപനീയമാണെന്നും ഇതിനെ വൈകാരികമല്ലാതെ നിയമപരമായും സഹന സമരത്തിലൂടെയും നേരിടുമെന്ന് പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ സമിതി അറിയിച്ചു. സംഭവമറിഞ്ഞുടനെ സമിതി രാത്രി നേതാക്കള്‍ യോഗം ചേര്‍ന്ന് ഇന്ന് വൈകുന്നേരം പൊതുയോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. പൊതുയോഗത്തിന്റെ തീരുമാനപ്രകാരം തുടര്‍ നടപടികള്‍ സ്വകീരിക്കും.
മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നല്കിയ ഉറപ്പാണ് പോലീസ് ലംഘിച്ചിരിക്കുന്നതെന്നാണ് സമര സമിതിയുടെ ആരോപണം. മുഖ്യമന്ത്രി നിയമിച്ച വിദഗ്ദ സമിതിയും നിയമസഭാ കമ്മിറ്റിയും ഇതുകൂടാതെ സ്ഥല പരിശോധന നടത്തിയ മറ്റൊരു വിദഗ്ദസമിതിയും പദ്ധതി നടപ്പിലാക്കിയാലുള്ള പരിസ്ഥിതി ആഘാതവും ഭീഷണികളും ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഇതു കൂടാതെ ഐക്യരാഷ്ട്ര സഭയുടെ റിസ്ക് അനലിസ്റ്റ് നടത്തിയ അനാലിസിസിലും പദ്ധതി നടപ്പിലായാല്‍ സ്ഥലവാസികള്ക്കുണ്ടാകാവുന്ന ഭീഷണി ചൂണ്ടിക്കാട്ടിയിരുന്നു.
ഉപരിതല പൈപ്പ് ലൈനിലോ, ഭൂതല ടാങ്കിലോ ചോര്‍ച്ചയുണ്ടായാല്‍ അഞ്ച് കിലോമീറ്റര്‍വരെ ഇതിന്റെ പ്രത്യാഘാതമുണ്ടാകുമത്രേ. എന്നാല്‍ പുതുവൈപ്പിലാകട്ടെ ഇതിന്റെ പ്രത്യാഘാതം പത്തു മടങ്ങ് വര്‍ധിക്കും. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന എല്‍എന്‍ജി, ബിപിസിഎല്‍ , പദ്ധതികളാണ് ഇതിനു കാരണമാകുന്നത്. ദുരന്തം സംഭവിച്ചാല്‍ ഇത് കൊച്ചി നഗരത്തെ തന്നെ വിഴുങ്ങുമെന്നും ഇദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് സമിതി ചൂണ്ടിക്കാണിക്കുന്നു.
മാത്രമല്ല, ദേശീയ ഹരിത ട്രൈബൂണല്‍ ഐഒസിക്ക് അനുകൂലമായി വിധിച്ചെങ്കിലും സിംഗിള്‍ ബഞ്ചിന്റെ ഈ വിധി നിലനില്‍ക്കില്ലെന്ന് പിന്നീട് സുപ്രീം കോടതി നിര്‍ദ്ദേശം ഉണ്ടായിട്ടുണ്ടത്രേ. ഇങ്ങിനെയുള്ള വിധികള്‍ പറയേണ്ടത് ഒരു നിയമ വിദഗ്ദനും , പരിസ്ഥിതി വിദഗ്ദനും അടങ്ങുന്ന ഡിവിഷന് ബഞ്ചാണെന്ന വാദമുയര്ത്തിയാണത്രേ സുപ്രീം കോടതി ഇങ്ങിനെ നിരീക്ഷിച്ചത്.
ഇതിന്റെ ചുവട് പിടിച്ച് സമര സമിതി ഹൈക്കോടതിയെ സമീപിക്കുകയും ഇതുമായി ബന്ധപ്പെട്ട ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും ചെയ്തിരിക്കെയാണ്. ഈ സാഹചര്യത്തില്‍ സമിതിയുമായി ഇനിയും ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കിയതാണെന്നുമാണെന്നാണ് സമിതിക്കാര്‍ പറയുന്നത്. ഇതിനിടയിലാണ് പോലീസ് രാജ് ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കാന്‍ തുനിഞ്ഞിറങ്ങിയിട്ടുള്ളതെന്ന് സമര സമിതി ആരോപിച്ചു. 2017 ഫെബ്രുവരി 16 മുതലാണ് നാട്ടുകാര്‍ സംഘടിച്ച് പദ്ധതിക്കെതിരെ സമരം ആരംഭിച്ചത്. 2020 ഫെബ്രുവരി 16 വരുമ്പോള്‍ സമരം മൂന്ന് വര്‍ഷം പിന്നിടും. ി