വൈപ്പിൻ: രണ്ട് ലക്ഷത്തിൽ പരം ജനങ്ങൾക്ക് 30 പോലീസുകാരുമായി ഞാറക്കലിൽ ഒരു പോലീസ് സ്റ്റേഷൻ. അതായത് അനുപാതം നോക്കിയാൽ 7000 പേർക്ക് ഒരു പോലീസുകാരൻ. പതിവായി ഗുണ്ടാവിളയാട്ടമുള്ള മേഖലയിലാണ് ഇങ്ങിനെയൊരു പോലീസ് സ്റ്റേഷൻ. നാലു പതിറ്റാണ്ട് മുന്പുള്ള അംഗബലമാണ് ഇപ്പോൾ സ്റ്റേഷനിൽ ഉള്ളത്രേ. എസ്ഐമാരടക്കം 50 ഓളം പേർ വേണ്ടിടത്ത് ഇപ്പോൾ ആകെ 39 പേരേ ഉള്ളു.
ഇതിൽ തന്നെ രോഗാവധിയിലും സസ്പെൻഷനിലും പ്രസവാവധിയിലുമായി ഒൻപതു പേർ ഡ്യൂട്ടിയിലില്ലാതെ വന്നതോടെയാണ് അംഗബലം 30 ൽ ഒതുങ്ങിയത്. എഎസ്ഐമാരുടെ നാല് തസ്തിക ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായത്രേ. എസ്സിപിഒ വനിതയടക്കം 11 പേർ വേണ്ടിടത്ത് എട്ട് പേരാണ് ഉള്ളത്.
സിപിഒ മാരുടെയും കുറവുണ്ട്. ഒരു വനിതയടക്കം അഞ്ച് സിപിഒ മാരാണ് കുറവ്. സ്റ്റേഷൻ ഹൗസ് ഓഫീസറായ സർക്കിൾ ഇൻസ്പെക്ടർ അസുഖത്തെ തുടർന്ന് ദീർഘാവധിയിലാണ്. ഉള്ള പോലീസുകാരെ വച്ചാണ് രണ്ട് ലക്ഷത്തിലധികം ജനസംഖ്യയുള്ള എടവനക്കാട്, നായരന്പലം, ഞാറക്കൽ, എളങ്കുന്നപ്പുഴ പഞ്ചായത്തുകളിലെ ക്രമസമാധാനം, കേസന്വേഷണം, ഗതാഗത നിയന്ത്രണം, പട്രോളിംഗ് തുടങ്ങിയവ നോക്കിവരുന്നത്.
കോടതി ഡ്യൂട്ടി, സമൻസ് നടത്തിപ്പ്, പ്രതി ബന്തോസ്, പാസ്പോർട്ട് വെരിഫിക്കേഷൻ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ തുടങ്ങിയ പണികളും ഞാറക്കൽ പോലീസിനു ജോലി ഭാരം വർധിപ്പിക്കുകയാണ്. ക്രൈം കേസുകൾ ഉൾപ്പെടെ പ്രതിമാസം 160 ഓളം കേസുകളാണ് ഞാറക്കൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുന്നത്.
മാസത്തിൽ രണ്ടോ മൂന്നോ പോസ്കോ കേസുകളും, പത്തോളം വാഹനാപകട കേസുകളും ഉൾപ്പെടും. ഞാറക്കൽ സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം പേരും ദൂര സ്ഥലങ്ങളിൽ നിന്ന് എത്തി ജോലി നോക്കുന്ന പോലീസുകാരാണ്.
പലരും ശിക്ഷാ സ്ഥലമാറ്റമെന്ന രീതിയിലാണ് ഇവിടെ എത്തുന്നതത്രേ.
ആവശ്യത്തിന് അംഗബലമില്ലാത്ത ഞാറക്കൽ പോലീസ് സ്റ്റേഷനിൽ കേസുകളുടെ എണ്ണവും വണ്ണവും വർധിച്ചതോടെ ഉള്ള പോലീസുകാർ അമിതമായി ജോലിയെടുത്ത് നടുവൊടിയുകയാണ്. ഭൗതികമായ ആരോഗ്യ ഭീഷണിക്ക് പുറമെ മാനസിക ആരോഗ്യം കൂടി നഷ്ടപ്പെട്ടിരിക്കുന്ന പോലീസുകാർ പലരും ഇനിയും രോഗാവധിയെടുക്കാനുള്ള തീരുമാനത്തിലാണെന്നാണ് സൂചന.