വൈപ്പിൻ: ചെറായി പള്ളത്താംകുളങ്ങര ബീച്ച് റോഡിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ പോലീസിനു യുവാവിന്റെ മൊബൈൽ ഫോണ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സൂചന.
കല്ലുമഠത്തിൽ പ്രണവ് -23 ആണ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതികൾ ഒരു പെണ്കുട്ടിയുടെ വ്യാജപ്രൊഫൈൽ ഉണ്ടാക്കി ചാറ്റ് ചെയ്താണ് പ്രണവിനെ പള്ളത്താംകുളങ്ങര ബീച്ച് റോഡിൽ വരുത്തി കൊല നടത്തിയത് എന്നതുകൊണ്ടു തന്നെ കേസിലെ പ്രധാന തെളിവുകളിലൊന്നാണ് പ്രണവിന്റെ മൊബൈൽ ഫോണ്.
എന്നാൽ പ്രതികളെ ചോദ്യം ചെയ്തതിൽനിന്നും പരസ്പര വിരുദ്ധമായ മൊഴികളാണ് ഇവർ പറയുന്നത്. ഫോണ് സമീപത്തെ ചെമ്മീൻകെട്ടിൽ എറിഞ്ഞെന്ന് ഒരാൾ പറയുന്പോൾ, മറ്റൊരാൾ പറയുന്നത് തല്ലിപ്പൊളിച്ച് കളഞ്ഞെന്നാണ്.
തല്ലിപ്പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ തോട്ടിൽ കളഞ്ഞെന്നും പറയുന്നു. മാത്രമല്ല പ്രതികളുടെ മൊബൈൽഫോണുകളും നശിപ്പിച്ചുവെന്നാണ് മൊഴികൾ. എന്നാൽ ഈ മൊഴികളൊന്നും വിശ്വസനീയമല്ലാത്ത സാഹചര്യത്തിൽ പ്രതികളെ ചോദ്യംചെയ്യും.
ഇതിനിടെ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാം പ്രതി അയ്യന്പിള്ളി ചൂളക്കപ്പറന്പിൽ നാംദേവ് -19 ഇന്നലെ ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നാടകീയമായി കീഴടങ്ങി.
തുടർന്ന് കോടതി മുനന്പം പോലീസിന്റെ കസ്റ്റഡിയിൽ വിട്ടു. പോലീസ് ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. ഇയാളുടെ മൊബൈൽ ഫോണും നശിപ്പിച്ചു കളഞ്ഞതായാണ് പറയുന്നത്.
കീഴടങ്ങിയ രണ്ടാം പ്രതിയെ പോലീസ് ഇന്ന് കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ച് റോഡിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇതോടെ നിലവിൽ നാലു പ്രതികൾ ഉള്ള ഈ കേസിൽ മുഴുവൻ പേരെയും പിടികൂടി കഴിഞ്ഞതായി പോലീസ് അറിയിച്ചു.