വൈപ്പിൻ: പട്ടാപ്പകൽ ഭാര്യയെ കുഴുത്തിൽ പ്ലാസ്റ്റിക് കയറിട്ട് മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം വാടക വീടിന്റെ മുറ്റത്ത് കുഴിച്ചിട്ട സംഭവത്തിൽ അറസ്റ്റിലായ ഭർത്താവിനെ ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
എടവനക്കാട് കൂട്ടുങ്കൽചിറ അറക്കപ്പറന്പിൽ സജീവി-45 നെയാണ് റിമാൻഡ് ചെയ്തത്. കേസിന്റെ പൂർത്തീകരണത്തിനായി ഇയാളെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് റൂറൽ എസ്പി വിവേക് കുമാർ അറിയിച്ചു.
15 മാസങ്ങൾക്ക് മുൻപ് കൊലനടത്തി കുഴിച്ചിട്ട ഭാര്യ രമ്യയുടെ മൃതദേഹം 12 നു വൈകുന്നേരം പോലീസ് സംഘം എത്തി പുറത്തെടുക്കുകയായിരുന്നു.
കുഴിച്ചെടുത്ത മൃതാവശിഷ്ടങ്ങൾ കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തുകയും സാന്പിളുകൾ എടുത്തശേഷം ബാക്കിയുള്ളത് ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും ചെയ്തു.
പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി മറയുണ്ടാക്കി കുഴിയെടുത്തു
പ്രതിക്കു ക്രിമിനൽ പാശ്ചാത്തലമില്ലെങ്കിലും കൊലപാതകത്തിലും തുടർന്ന് സംഭവം ഒളിപ്പിക്കാൻ ശ്രമിച്ചതിലും കാണിച്ച വൻ പ്രഫഷണലിസം പോലീസിനെയും നാട്ടുകാരെയും അന്പരപ്പിച്ചു.
തർക്കത്തിനിടെ രണ്ട്പേരും വീടിന്റെ ടെറസിൽ എത്തുകയും ഈ സമയം തുണിവിരിക്കാനായി കെട്ടിയിരുന്ന പ്ലാസ്റ്റിക് റോപ്പ് പൊട്ടിച്ചെടുത്ത് ഭാര്യയുടെ കഴുത്തിൽ ചുറ്റി മുറുക്കി കൊലനടത്തുകയുമായിരുന്നുമെന്നാണ് സജീവൻ തെളിവെടുപ്പിൽ പോലീസിനോട് പറഞ്ഞത്.
മരണം ഉറപ്പാക്കിയതിനുശേഷം മൃതദേഹം ടെറസിൽ തന്നെ കിടത്തി. പിന്നീട് പാതിരാത്രിയോളം കാത്തിരുന്നു.രാത്രിയിൽ വീടിന്റെ കിഴക്ക് ഭാഗത്തായി പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിമറയുണ്ടാക്കിയാണ് കുഴിയെടുത്തത്. തുടർന്ന് മുകളിലെത്തി മൃതദേഹം വലിച്ചിഴച്ച് കൊണ്ട് വന്ന് കുഴിയിലിട്ടു മൂടുകയാണ് ചെയ്തത്രേ.
മൃതദേഹം വേഗത്തിൽ അഴുകാൻ വേണ്ടി അടിവസ്ത്രമൊഴികെ എല്ലാം തന്നെ ഊരിമാറ്റിയ ശേഷമാണ് കുഴിച്ചിട്ടത്. ഈ വസ്ത്രങ്ങളും ഭാര്യയുടെ ഫോണും കൊല്ലാൻ ഉപയോഗിച്ച പ്ലാസ്റ്റിക് കയറും പിന്നീട് വീട്ടുവളപ്പിൽ തന്നെവച്ചു കത്തിച്ചു കളഞ്ഞു.
ഇതിനുശേഷം രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ കുഴിയുടെ മധ്യഭാഗത്തായി മണ്ണ് ഉയർന്നു വന്നു. തുടർന്ന് എംസാന്റും ക്ലേയും വാങ്ങി മേലെയിട്ടു ഉറപ്പിച്ചു സുരക്ഷിതമാക്കി.
മാത്രമല്ല ഇതിനുശേഷം വീട്ടിൽ അരുമയായി വളർത്തിയിരുന്ന പോമറൈൻ ഇനത്തിൽപെട്ട വളർത്ത് നായയും അപ്രത്യക്ഷമായിട്ടുണ്ട്.
മൃതദേഹം കുഴിച്ചിട്ടിടത്ത് നായകൾ മണം പിടിച്ച് തെരയുമെന്നതിനാൽ വളർത്ത് നായയെ കൊന്നു കളഞ്ഞിരിക്കാമെന്നാണ് സൂചന.
നുണക്കഥകൾ പറഞ്ഞ് മക്കളെ വിശ്വസിപ്പിച്ചു
കൊലയ്ക്ക്ശേഷം പ്ലസ്ടു വിദ്യാർഥിയായ മകൾ സഞ്ചനയോടും, ആറാം ക്ലാസിൽ പഠിക്കുന്ന മകൻ സിദ്ധാർഥിനോടും അതിരറ്റ സ്നേഹമാണ് ഇയാൾ പ്രകടിപ്പിച്ചതത്രേ.
ആദ്യം കുറെ പുതിയ വസ്ത്രങ്ങൾ വാങ്ങി നൽകുകയും മക്കൾ വീട്ടിലുള്ളപ്പോൾ പുറത്ത് നിന്ന് പലപ്പോഴും ഇഷ്ടഭക്ഷണങ്ങളും മറ്റും വാങ്ങി നൽകിയും മക്കളെ ബുദ്ധിപൂർവം ഒപ്പം നിർത്തി കൊലപാതകം മറച്ചുവെക്കാൻ ഇയാൾ ബോധപൂർവ്വം ശ്രമിച്ചുവത്രേ.
അമ്മയെക്കുറിച്ചു നുണക്കഥകൾ പറഞ്ഞ് ഫലിപ്പിച്ചതിനാൽ മക്കൾ അമ്മയെ അന്വേഷിച്ചതുമില്ല. ഇവരാകട്ടെ പലപ്പോഴും നായരന്പലത്തുള്ള അമ്മ വീട്ടിലാണ് കഴിഞ്ഞിരുന്നതും.
പ്രതിയാകട്ടെ ജോലിക്കുപോയും കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിച്ചും 15 മാസമാണ് തള്ളി നീക്കിയത്. നരബലി പോലുള്ള സംഭവങ്ങൾ ഉണ്ടായതുകൊണ്ട് മാത്രമാണ് പോലീസ് ഇത്രക്ക് വിശദമായി ഈ കേസ് അന്വേഷിച്ചതും സിനിമാക്കഥയെപ്പോലും വെല്ലുന്ന ഈ കൊലപാതകത്തിനു തുന്പുണ്ടായതും.vypin remya cr