വൈപ്പിൻ: പുതുവൈപ്പിലെ ഐഒസി എൽപിജി സംഭരണി പദ്ധതിക്കെതിരെയുള്ള നാട്ടുകാരുടെ സമരത്തിൽ ഞാറക്കൽ പോലീസ് എടുത്ത കേസുകൾ പരിശോധിക്കാനും, ഇതിന്റെ അന്വേഷണ പുരോഗതി വിലയിരുത്താനും റേഞ്ച് ഐജി പി.വിജയൻ ഞാറക്കൽ സർക്കിൾ ഓഫീസിൽ സന്ദർശനം നടത്തി. കേസുകൾ സസൂഷ്മം പരിശോധിച്ചും പഴുതുകളടച്ചും ശക്തമായ നിലയിൽ തന്നെ മുന്നോട്ട് പോകണമെന്ന് ഐജി അന്വേഷണ സംഘത്തിനു നിർദ്ദേശം നൽകിയതായാണ് സൂചന.
കർക്കശമായ കേസുകൾ ചാർജ് ചെയ്ത് സമരക്കാരെ ഊരാക്കുടുക്കിലാക്കുകയാണ് പോലീസിന്റെ ലക്ഷ്യമെന്നാണ് സൂചന. ഇനിയുമുള്ള സമരഭീഷണിയെ ചെറുക്കാനാണിത്. പുരോഹിതനും സന്യാസിനികളും ഉൾപ്പെട്ടിട്ടുള്ള 11 കേസുകളാണ് നിലവിൽ ഞാറക്കൽ പോലീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ എൽപിജി സംഭരണി പദ്ധതി കവാടം ഉപരോധിച്ചതിനും, ഹർത്താൽ നടത്തി വാഹന ഗതാഗതം തടഞ്ഞതിനും സമര സമിതിനേതാക്കൾ ഉൾപ്പെടെയുള്ള ആയിരത്തിൽ പരം ആളുകളുടെ പേരിലാണ് കേസ്.
കൂടാതെ കോണ്ഗ്രസ്-ഐ നടത്തിയ ഹർത്താലിൽ ഗതാഗതം തടഞ്ഞതിനു രണ്ട് കേസുകൾ കോണ്ഗ്രസ് കാർക്കെതിരെയും എടുത്തിട്ടുണ്ട്. കേസിന്റെ അന്വേഷണത്തിനായി ആലുവ ഡിവൈഎസ്പി വി കെ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ഞാറക്കൽ സി ഐ കെ ഉല്ലാസും പോലീസുകാരും അടങ്ങുന്ന സ്പെഷ്യൽ ടീമിനെ നിയോഗിച്ചിരിക്കുകയാണ്. ഞാറക്കൽ കൂടാതെ മുളവുകാട്, സിറ്റിയിലെ മൂന്ന് പോലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലും കേസുണ്ട്. റോഡ് ഉപരോധിച്ചതിനാണ് കേസ്. ഇതിൽ നാലുപേർക്കെതിരെ പോലീസിനെ ആക്രമിച്ചതിനും കേസുണ്ട്.