വൈപ്പിന്‍: ദുരന്തത്തിനിരയായ ഒരു സമൂഹത്തോടു മാറി മാറി വന്ന സര്‍ക്കാരുകള്‍ കാണിച്ച നെറിവുകേടിന്റെ സ്മാരകമായി മാറിയിരിക്കുകയാണ് കടല്‍ഭിത്തികള്‍ തകര്‍ന്ന് നാമാവശേഷമായി കിടക്കുന്ന എടവനക്കാട് കടപ്പുറം. 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് താണ്ഡവമാടിയ സുനാമിയിലാണ് ഇവിടത്തെ കടല്‍ തീരം തകര്‍ന്നത്.
സുനാമിയുടെ പകയില്‍ അഞ്ചു വിലപ്പെട്ട ജീവനുകളും ഇവിടെ പൊലിഞ്ഞു. ഇതിന്റെ ഞെട്ടലില്‍ നിന്നും തീരദേശവാസികള്‍ ഇന്നും മുക്തി നേടിയിട്ടില്ലെന്ന് മാത്രമല്ല വീണ്ടുമൊരു ദുരന്തത്തിന്റെ ഭീഷണിയിലാണ് ഇപ്പോഴും ഓരോ ദിവസവും ഇവര്‍ തള്ളി നീക്കുന്നത്.
ഇക്കാര്യങ്ങളെല്ലാം ഇവര്‍ പലകുറി വിളിച്ചുകൂവിയിട്ടും കടല്‍ഭിത്തി പുനര്‍ നിര്‍മിച്ച് തീരദേശത്തിന്റെ പുനര്‍നിര്‍മാണത്തിനായി ഒരു സര്‍ക്കാരും മുന്കൈഎടുത്തില്ലെന്നാണ് തീരദേശത്തുകാരുടെ ആക്ഷേപം.
12.5 കോടിയുടെ പ്രത്യേക പാക്കേജും കൂടാതെ മറ്റ് സര്‍ക്കാര്‍ ഇതര സഹായങ്ങളും ലഭ്യമായ എടവനക്കാട് കടല്‍ഭിത്തി നിര്‍മാണം മാത്രമല്ല അവഗണിക്കപ്പെട്ടത്. തീരദേശ റോഡിന്റെ പുനരുദ്ധാരണവും നടന്നില്ലെന്ന് തീരദേശത്തുകാര്‍ പറയുന്നു. റോഡാകെ മണല്‍ മൂടി കിടക്കുകയാണ്. ഇതിലൂടെ ഒരു വാഹനങ്ങളും കടന്ന് പോകില്ല.
കടല്‍ഭിത്തിയില്ലാത്തതിനാല്‍ കടല്‍ കരയിലേക്ക് കയറി പലപ്പോഴും മണലും വെള്ളവും അടിഞ്ഞാണ് റോഡ് സഞ്ചാരയോഗ്യമല്ലാതെയായത്. എടവനക്കാട് അണിയല് കടപ്പുറം മുതല്‍ വടക്ക് ചാത്തങ്ങാട് കടപ്പുറം വരെയുള്ള അവസ്ഥ ഇതാണ്.
ഒരു അപകടമോ മരണാവശ്യമോ മൂലമുള്ള അടിയന്തിര ഘട്ടങ്ങളില്‍ ജനം വെള്ളം നീന്തി നെറികെടും. രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ചുമലില്‍ കയറ്റി ചുമന്ന് കൊണ്ട് പോകേണ്ട അവസ്ഥയാണിവിടെ.
നാടിന്റെ മുക്കിലും മൂലയിലും വാഹനമെത്തുന്ന ഇക്കാലത്ത് എടവനക്കാട് തീരദേശത്തുമാത്രമാണ് ഇപ്പോഴും ജനം യാത്രാ ദുരിതം അനുഭവിക്കുന്നത്. തെരഞ്ഞെടുപ്പുകാലത്ത് വാഗ്ദാനങ്ങളുമായെത്തുന്നവര് പിന്നെ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ വന്നാല്‍ ഇങ്ങോട്ടേക്ക് തിരിഞ്ഞുപോലും നോക്കില്ലെന്നാണ് തീരദേശവാസികള്‍ പറയുന്നത്.