വൈപ്പിൻ: എടവനക്കാട് അണിയലിൽ വീട്ടമ്മയും മൂന്ന് പിഞ്ചുകുഞ്ഞുങ്ങളും കിടപ്പുമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു.
എടവനക്കാട് മുണ്ടേങ്ങാട്ട് സനലിന്റെ ഭാര്യ വിനീത-24, മക്കളായ സവിനയ്-4, ശ്രവണ്‍ -2, ശ്രേയ-നാലുമാസം എന്നിവരാണ് മരിച്ചത്. കുട്ടികൾ മൂന്നുപേരും തറയിൽ വിരിച്ച പായിലാണ് കിടന്നിരുന്നത്.
വിനീത തൊട്ടത്ത് തന്നെ തൂങ്ങി മരിച്ച നിലയിലും. മത്സ്യത്തൊഴിലാളിയായ സനൽ പുലർച്ചെ മത്സ്യബന്ധനത്തിനു പോകാനായി ഷർട്ട് തിരഞ്ഞ് എത്തിയപ്പോഴാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് സ്ഥലത്തെത്തിയ ഞാറക്കൽ പോലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രി സനൽ വീടിന്റെ ഹാളിലാണ് കിടന്ന് ഉറങ്ങിയിരുന്നത്. വീട്ടിൽ സനലിന്റെ മാതാപിതാക്കളും സഹോദരനും മറ്റു മുറികളിൽ കിടന്നുറങ്ങുകയായിരുന്നു.
ആർഡിഒ, തഹസിൽദാർ, ഞാറക്കലിന്റെ ചാർജ്ജുള്ള പറവൂർ സിഐ ഷോജോ വർഗീസ് എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. പരിശോധനയിൽ മുറിയിൽനിന്നും വീട്ടമ്മയുടെ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തു.
കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന. ഇൻക്വസ്റ്റും തുടർനടപടികളും പുരോഗമിക്കുകയാണ്.