വൈപ്പിൻ: കടലിലെ മത്സ്യസന്പത്ത് കുറഞ്ഞത് വൈപ്പിനിലെ മത്സ്യമേഖലയിലും അനുബന്ധമേഖലയിലും കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നു. ദ്വീപിലെ പ്രധാന സാന്പത്തിക സ്രോതസായിരുന്ന മത്സ്യമേഖലയിൽ മാന്ദ്യം അനുഭവപ്പെട്ടതിന്റെ പ്രത്യാഘാതങ്ങൾ വ്യാപാരസ്ഥാപനങ്ങളിലും മറ്റ് മേഖലകളിലും പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്.
മൂന്നര ലക്ഷത്തോളം ജനസംഖ്യയുള്ള വൈപ്പിനിൽ പകുതിയോളം ആളുകൾ മത്സ്യമേഖലയിലും അനുബന്ധമേഖകളിലുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്നവരായതിനാലാണ് പ്രത്യാഘാതങ്ങൾ പെട്ടെന്ന് പ്രതിഫലിക്കുന്നത്.
കഴിഞ്ഞ വർഷം ഇതേ നാളുകളിൽ കരിക്കാടി ചെമ്മീനും തളയൻ, അയ്ല, ഉടുപ്പൂരി തുടങ്ങിയ തരം മത്സ്യങ്ങളും വൻതോതിൽ ലഭിച്ചിരുന്നു. എന്നാൽ ഈ വർഷം ഇതെല്ലാം ഓർമകൾ മാത്രമായി അവശേഷിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
അതേസമയം കടലിലെ മത്സ്യശോഷണത്തിനു കാരണമായി പല അഭിപ്രായങ്ങളാണ് മത്സ്യമേഖലയിൽ നിന്നുയരുന്നത്. വേനൽ മഴ ചതിച്ചതാണ് മത്സ്യശോഷണത്തിനു കാരണമെന്ന് ഒരു വിഭാഗം പറയുന്പോൾ അശാസ്ത്രീയമായ മത്സ്യബന്ധന രീതിയാണ് കാരണമെന്ന് പരന്പരാഗത മത്സ്യമേഖലയലുള്ള മറ്റൊരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു.
സാധാരണ ഏപ്രിൽ അവസാനത്തോടുകൂടി ആരംഭിക്കുന്ന വേനൽമഴ മേയ്മാസത്തിൽ നാലഞ്ചു ദിവസം അടുപ്പിച്ച് പെയ്യും. ഇതോടെ ചൂടുപിടിച്ച് കിടക്കുന്ന കടലിന്റെ അടിത്തട്ടിൽനിന്നു മത്സ്യങ്ങൾ തണുപ്പ് തേടി മേൽതട്ടിലേക്ക് ഉയരും. ഈ സമയം ധാരാളം മത്സ്യങ്ങൾ ലഭിക്കും. എന്നാൽ ഇക്കുറി ഏപ്രിൽ, മേയ്മാസങ്ങളിൽ ശക്തമായ മഴ ഇതുവരെ ലഭിച്ചിട്ടില്ല.
രാത്രികാല ട്രോളിംഗ്, അമിതമായ പ്രകാശമുള്ള വൈദ്യുതി വിളക്കുകൾ തെളിയിച്ച് മത്സ്യങ്ങളെ ആകർഷിച്ചു പിടികൂടുക, കടലിൽ പടങ്ങുകൾ സ്ഥാപിച്ച് അവിടെ മുട്ടയിടാനായി എത്തുന്ന കണവപോലുള്ള മത്സ്യങ്ങളെ ചൂണ്ടയിട്ട് പിടിക്കുക തുടങ്ങിയ അശാസ്ത്രീയ മത്സ്യബന്ധന രീതികളാണ് കടലിൽ മത്സ്യസന്പത്ത് ഇല്ലാതാക്കിയിരിക്കുന്നതെന്നാണ് മറുവിഭാഗത്തിന്റെ വെളിപ്പെടുത്തൽ.
കൂടാതെ രണ്ട് ബോട്ടുകൾ ചേർന്ന് നടത്തുന്ന പെലാജിക് പെയർ ടോളിംഗ് വഴി തീരെ പൊടി മത്സ്യങ്ങളാണ് ബോട്ടുകൾ പിടിച്ചു കരയിലെത്തിക്കുന്നത്. വൻ കയറ്റുമതി സാധ്യതയുള്ള ടണ്കണക്കിനു മത്സ്യക്കുഞ്ഞുങ്ങളാണ് ഇക്കഴിഞ്ഞ സീസണിൽ ബോട്ടുകൾ ഹാർബറുകളിൽ എത്തിച്ചത്.
ഈ പൊടിമീൻ വളത്തിനായി തമിഴ്നാട്ടിലേക്ക് പൊടിക്കാൻ കയറ്റിപ്പോകുന്നതിനാൽ ഹാർബറിൽ ഇവ വാങ്ങാൻ കച്ചവടക്കാരുണ്ട്. നേരത്തെ 500 ലിറ്റർ ഡീസൽ നിറച്ച് രണ്ട് ദിവസം കടലിൽ മത്സ്യബന്ധനം നടത്തിയിരുന്ന ബോട്ടുകൾക്കു പകരം 5, 000 ലിറ്റർ ഡീസൽ നിറച്ച് പത്തും പതിനഞ്ചും ദിവസം കടലിൽ കിടന്ന് മത്സ്യബന്ധനം നടത്തുന്ന വൻ ബോട്ടുകളാണ് ഇപ്പോൾ ഉള്ളത്.
ഈ സാഹചര്യത്തിൽ ഓരോ ട്രിപ്പും പോയിവരുന്പോഴുള്ള ചെലവ് കണ്ടെത്താൻ കടലിൽ നിന്നും കിട്ടുന്ന എന്തും പിടികൂടിക്കൊണ്ടുവന്ന് വിൽപന നടത്തു രീതിയാണ് ഇപ്പോഴത്തേത്. മത്സ്യബന്ധനയാനങ്ങൾ അനിയന്ത്രിതമായി പെരുകുന്നതും മത്സ്യശോഷണത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.