കൊച്ചി: വൈറ്റില മേല്‍പ്പാലം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരേ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍ എറണാകുളം സൈബര്‍ സെല്ലിൽ പരാതി നല്കി. വൈറ്റില മേല്‍പ്പാലത്തിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മുകളിലൂടെ പോകുന്ന മെട്രോ പാലത്തില്‍ തട്ടുമെന്ന തരത്തിലുള്ള ചിത്രം ഉള്‍പ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരേയാണ് അധികൃതര്‍ രംഗത്തെത്തിയിട്ടുള്ളത്.
വാട്സാപ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയാണു വ്യാജപ്രചാരണങ്ങള്‍ നടത്തിയത്. അടുത്ത മാര്‍ച്ചോടെ ജോലികള്‍ പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മാണം പുരോഗമിക്കുന്ന മേല്‍പ്പാലത്തിന്റെ പണികള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും ചിലര്‍ സന്ദേശങ്ങള്‍ പരത്തിയിരുന്നു. ഇതിനെതിരേ രംഗത്തുവന്ന അധികൃതര്‍ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ദൂരെനിന്നു നോക്കുമ്പോള്‍ പാലങ്ങള്‍ അടുത്തടുത്തായി തോന്നുന്നതാണെന്നും വിശദീകരിക്കുന്നു.
വൈറ്റില മേല്‍പ്പാലത്തിനും മെട്രോ പാളത്തിനുമിടയിലെ അകലം 5.5 മീറ്റര്‍ ആണ്. ബസിനുപോലും മൂന്നര മീറ്റര്‍ താഴെയാണു പരമാവധി ഉയരം. ഡബിള്‍ ഡക്കര്‍ ബസിന്റെ ഉയരമാകട്ടെ 4.5 മീറ്റര്‍ മാത്രമേ വരൂ. ഇതറിയാതെ വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മെട്രോ പാളത്തില്‍ മുട്ടുമെന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ തെറ്റിദ്ധാരണ പരത്താനാണു ശ്രമിക്കുന്നതെന്നും പാലത്തിന്റെ 73 ശതമാനം ജോലികളും പൂര്‍ത്തിയായതായും അധികൃതര്‍ വിശദീകരിച്ചു.
അധികൃതര്‍ പരാതി നല്കിയ സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടന്നേക്കും. വ്യാജപോസ്റ്റുകള്‍ വ്യാപകമായി പ്രചരിപ്പിച്ചവര്‍ ഉള്‍പ്പെടെ കുടുങ്ങാനും സാധ്യതയേറെയാണ്. പാലത്തിന്റെ കോണ്‍ക്രീറ്റിന് മതിയായ ഗുണനിലവാരമില്ലെന്ന് വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്ന് ഒരു മാസത്തോളം പാലം പണി നിലച്ചിരുന്നു. മദ്രാസ് ഐഐടിയില്നിന്നടക്കം വിദഗ്ധരെത്തി നടത്തിയ ഗുണനിലവാര പരിശോധന അനുകൂലമായതോടെയാണു മേല്‍പ്പാലം നിര്‍മാണം വീണ്ടും പുനഃരാരംഭിച്ചത്.