കോട്ടയം: തെരഞ്ഞെടുപ്പ് ഫലം വരും മുന്പേ വൈശാഖ് സൂര്യയെ ജീവിത സഖിയാക്കി ഹൃദയപക്ഷത്താക്കി. ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി പി.കെ. വൈശാഖാണ് ഇന്നലെ കുടമാളൂർ സ്വദേശി സൂര്യയെ മിന്നുകെട്ടിയത്.
അഞ്ചു വർഷം മുന്പ് ചാന്നാനിക്കാട് എസ്എൻ കോളജിലെ പഠനസമയത്തു തുടങ്ങിയതാണ് ഇരുവരുടെയും പ്രണയം. ഒരു വർഷം മുന്പാണ് വിവാഹം നിശ്ചയിച്ചത്.
ഇതിനിടയിലാണ് വൈശാഖിനെ തേടി ജില്ലാപഞ്ചായത്ത് സ്ഥാനാർഥിത്വം എത്തിയത്.
കൊല്ലാട് കുന്നന്പള്ളി പുത്തൻപറന്പിൽ കെ.ജി. കുഞ്ഞുമോന്റെയും കെ. സുധാമണിയുടെയും മകനാണ് വൈശാഖ്. എംകോം ബിരുദധാരിയായ വൈശാഖ് കോട്ടയത്ത് സ്വകാര്യ കന്പനിയിലെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവാണ്.
ഇന്നലെ രാവിലെ 11നു കുടമാളൂർ കരിയകുളങ്ങര എൻഎസ്എസ് ഓഡിറ്റോറിയത്തിലായിരുന്നു വിവാഹ ചടങ്ങ്.
കുടമാളൂർ കുറ്റിക്കൽ ബിനുവിന്റെയും ഷെബിയുടെയും മകളാണ് വധു സൂര്യ. കുടമാളൂർ സഹകരണ ബാങ്കിലെ ജീവനക്കാരിയാണ് സൂര്യ.
വിവാഹ ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.
കുറിച്ചി ഡിവിഷനിൽനിന്നു വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് വൈശാഖ്