ഗാസിയാബാദ്: യുപിയിലെ ഗാസിയാബാദിൽ വയോധികനു മർദനമേറ്റ സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ച സംഭവത്തിൽ ചലച്ചിത്രതാരം സ്വര ഭാസ്കറിനും ട്വിറ്റർ ഇന്ത്യയുടെ മേധാവിക്കുമെതിരേ പരാതി ലഭിച്ചതായി ഡൽഹി പോലീസ്.
വയോധികനെതിരേയുള്ള മർദനവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തതായി ഗാസിയാബാദ് പോലീസും അറിയിച്ചു.
സ്വര ഭാസ്കർ, മനീഷ് മഹേശ്വരി, ട്വിറ്റർ എംഡി തുടങ്ങിയവർക്കെതിരേയാണ് പരാതിയെന്നും അന്വേഷണം തുടരുകയാണെന്നും ഡൽഹിയിലെ തിലക് മാർഗ് പോലീസ് വിശദീകരിച്ചു.
വയോധികനായ ഒരാളെ നാലുപേർ ചേർന്നു മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
‘ജയ് ശ്രീറാം’ എന്നു വിളിക്കാത്തതിന്റെ പേരിലാണു നാലംഗസംഘം മർദിച്ചതെന്നാണ് പറയപ്പെടുന്നത്.
ഗാസിയാബാദിലെ ലോണി മേഖലയിൽ അഞ്ചാം തീയതിയായിരുന്നു സംഭവം. രണ്ടുദിവസം കഴിഞ്ഞാണ് പ്രശ്നം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതെന്നും പറയപ്പെടുന്നു.