മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പ്രതിസ്ഥാനത്തുള്ള ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കട്ടരാമന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളി വഫ ഫിറോസ്. വാഹനം ഒാടിച്ചത് വഫയാണെന്നും താന്‍ മദ്യപിച്ചിരുന്നില്ലെന്നുമായിരുന്നു ശ്രീറാം പറഞ്ഞത്. എന്നാല്‍ ഇക്കാര്യം അപ്പാടെ തള്ളുകയാണ് വഫ. സംഭവത്തിന്റെ മൂന്നാം ദിവസം തന്നെ എല്ലാക്കാര്യങ്ങളും പറഞ്ഞിരുന്നുവെന്നും അതില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പറഞ്ഞ വഫ തനിക്ക് എന്താണ് നാളെ സംഭവിക്കുക എന്നതില്‍ ആശങ്കയുണ്ടെന്നും വ്യക്തമാക്കി.ടിക് ടോക് വീഡിയോയിലാണ് വഫ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ച് കെ.എം ബഷീര്‍ മരിക്കുന്നത് എന്നാണ് കേസ്. തൊട്ടടുത്ത ദിവസം തന്നെ ശ്രീറാമിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ മറുപടിയായി വഫയാണ് വാഹനം ഓടിച്ചതെന്നായിരുന്നു ശ്രീറാമിന്റെ മറുപടി.
ഇതിനു മറുപടിയായിട്ടായിരുന്നു വഫ ടിക് ടോക്കിലെത്തിയത്. പരമ്പരാഗത മുസ്ലിം വേഷത്തിലായിരുന്നു വഫയുടെ മറുപടി.ഞാന്‍ വഫാ ഫിറോസാണ്. ഞാന്‍ ഇപ്പോള്‍ ന്യൂസ് കണ്ടിരുന്നു. അതില്‍ അദ്ദേഹം പറയുന്നത് വഫയാണ് ഡ്രൈവ് ചെയ്തു എന്നാണ്. എന്ത് കാരണത്താലാണ് ഇത് അദ്ദേഹം റിപ്പീറ്റ് ചെയ്യുന്നതെന്ന് അറിയില്ല. ആറോ ഏഴോ ദൃക്സാക്ഷികളുണ്ടായിരുന്നു. പിന്നെ ഫോറന്‍സിക് റിപ്പോര്‍ട്ട്.
ഇതെല്ലാം എവിടെ. ഞാനൊരു സാധാരണക്കാരിയാണ്. എനിക്ക് പവറില്ല. ആക്സിഡന്റ് നടന്ന് മൂന്നാം ദിവസം തന്നെ എല്ലാം പറഞ്ഞിരുന്നു. ഇനി എന്താണ് എനിക്ക് നാളെ സംഭവിക്കുന്നതെന്ന് അറിയില്ല. ഞാന്‍ ഇന്ന് പറയുന്നു. ഞാന്‍ അന്ന് പറഞ്ഞതെല്ലാം ശരിയാണ്. അദ്ദേഹത്തിന് പവര്‍ ഉപയോഗിച്ച് എന്ത് വേണമെങ്കിലും ചെയ്യാം. എന്നാല്‍ ഞാന്‍ എന്താണ് പറഞ്ഞത് അതില്‍ മാത്രം ഞാന്‍ ഉറച്ചു നില്ക്കുന്നു. ഇങ്ങനെയാണ് വഫ വീഡിയോയില്‍ പറയുന്നത്.
ആക്സിഡന്റിനു ശേഷം വഫയുടെ ജീവിതം മാറിമറിഞ്ഞിരുന്നു. ഭര്‍ത്താവ് ഫിറോസ് വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. ഇതിനു പിന്നാലെ ഫിറോസിന്റെ വാദങ്ങളെ പൊളിച്ചടുക്കി വഫ ടിക് ടോക്കിലൂടെ രംഗത്തു വന്നിരുന്നു. ടിക് ടോക്കില്‍ 50000 ഫോളോവേഴ്സാണ് വഫയ്ക്കുള്ളത്. ശ്രീറാമിന്റെ വാദങ്ങളെ തള്ളിക്കളയുന്ന വീഡിയോയും വളരെപ്പെട്ടെന്നാണ് വൈറലായത്.