തിരുവനന്തപുരം: മാധ്യമപ്രവർത്തകന്റെ മരണത്തിൽ കലാശിച്ച അപകടവുമായി ബന്ധപ്പെട്ട് ആദ്യം നൽകിയ മൊഴി തിരുത്തി വഫ ഫിറോസ്. ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണ് കാർ ഓടിച്ചിരുന്നതെന്നും അമിതവേഗതയിലായിരുന്നെന്നും ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന യുവതി വഫ ഫിറോസ് പോലീസിന് മൊഴി നൽകി. താനാണ് വാഹനം ഓടിച്ചതെന്നായിരുന്നു ആദ്യം വഫ പോലീസിന് മൊഴി നൽകിയത്. എന്നാൽ കൂടുതൽ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ വഫ മൊഴി മാറ്റുകയായിരുന്നു.
ശ്രീ റാം വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് രാത്രിയിൽ കാറുമായെത്തിയതെന്നും വഫ പോലീസിന് മൊഴി നൽകി. രാത്രി 12.40 ന് ശ്രീറാം പറഞ്ഞതനുസരിച്ച് കവടിയാറിൽ കാറുമായെത്തി. ഇവിടെനിന്നും കാർ ഓടിച്ചത് ശ്രീറാം ആണ്. അമിത വേഗത്തിലാണ് ശ്രീറാം വാഹനമോടിച്ചതെന്നും വഫ മൊഴി നല്കി. ഫേസ്ബുക്ക് വഴിയാണ് ശ്രീറാമിനെ പരിചയപ്പെട്ടതെന്നും വഫ പറഞ്ഞു. മോഡലും ദുബായില്‍ വ്യവസായിയുമാണ് വഫ ഫിറോസ്.
വഫയുടെ കാര്‍ മുമ്പും അമിതവേഗത്തില്‍ ഓടിച്ച് കേസില്‍ പെട്ടിട്ടുണ്ട്. അമിതവേഗത്തില്‍ ഓടിച്ചതിന് മൂന്നുതവണ കാർ കാമറയില്‍ കുടുങ്ങിയിട്ടുണ്ട്.