മുണ്ടക്കയം: വയനാടിനു പിന്നാലെ, അടുത്ത ദുരന്തം കാത്തിരിക്കുന്നത് വാഗമണ് മലനിരകളെയോ…? അധികൃതരേ, ഇനിയും നിങ്ങള് കണ്ണു തുറന്നില്ലെങ്കില് ഇളംകാട്, ഏന്തയാര്, കൂട്ടിക്കല്, മുണ്ടക്കയം വരെയുള്ള ജനങ്ങളുടെ ജീവനാണ് അപകടത്തിലാവുന്നത്. വയനാട് ദുരന്തമുണ്ടായി രണ്ടു ദിവസം കഴിഞ്ഞപ്പോള് ഇളംകാട്ടിലും ഏന്തയാറിലും പ്രത്യക്ഷപ്പെട്ട ബോര്ഡുകളിലെ വാചകങ്ങളാണിത്.
കൂട്ടിക്കല്- കൊക്കയാര് പഞ്ചായത്തുകളില് ദുരന്തം വിതച്ച മഹാപ്രളയം നടന്നിട്ടു മൂന്നു വര്ഷമാകുമ്പോഴും മലയോര ജനതയുടെ ഭീതി മാറിയിട്ടില്ല. അതിജീവനത്തിന്റെ പാതയിലാണ് മേഖലയെങ്കിലും കൂറ്റന് പാറമടകളും കുന്നിന്ചെരുവുകളിലെ നിര്മാണ പ്രവര്ത്തനങ്ങളും പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്.
കൂട്ടിക്കല്, കൊക്കയാര് പഞ്ചായത്തിന്റെ അതിരു തീര്ക്കുന്ന വാഗമണ് മലനിരകളാണ് പ്രദേശവാസികളുടെ ഭീതി. മാനം ഇരുണ്ടാല് ഇവിടുള്ളവര്ക്ക് ഭയമാണ്. കിഴക്കന് മലനിരകള് ഒന്നു പുകഞ്ഞാല് പിന്നെ നെഞ്ചിടിപ്പു കൂടും. മൂന്നു വര്ഷംമുമ്പ് ഒക്്ടോബര് 16നാണു പുലര്ച്ചെ മുതല് പെയ്ത മഴയെത്തുടര്ന്ന് മലയോരത്ത് ഉരുള്പൊട്ടലുണ്ടായതും കൂട്ടിക്കലും ഏന്തയാറും ദുരന്തഭൂമിയായതും.
ഇളംകാടില്നിന്നു വല്യേന്തയിലേക്കുള്ള വഴിയിലാണ് കൂറ്റന് പാറമടകളുള്ളത്. മലയരിഞ്ഞു തീര്ത്തിരിക്കുന്ന ഈ പാറമടകളോടു ചേര്ന്നാണ് വാഗമണ് മലനിരകളില്നിന്നുള്ള നീര്ച്ചാലുകളും. വല്യേന്ത ക്ഷേത്രത്തിനു സമീപത്തുനിന്നു നോക്കിയാല് തങ്ങള്പാറ മലമുകളില് കുന്നിന്റെ തുമ്പത്തുവരെയാണ് വലിയ റിസോര്ട്ടുകള്. എല്ലാ മാനദണ്ഡങ്ങളും കാറ്റില്പ്പറത്തിയാണ് ഇവിടെ നിര്മാണ പ്രവര്ത്തനങ്ങള് നടത്തിയിരിക്കുന്നത്.
മലയുടെ താഴ്വാരത്ത് നിരവധി വീടുകളുമുണ്ട്. പാറമടകളില്നിന്നുളള ശക്തമായ പ്രകമ്പനംമൂലം മണ്ണിടിച്ചിലും മറ്റും ഉണ്ടായതിനെത്തുടര്ന്ന് നാട്ടുകാര് പ്രതിഷേധിച്ചിരുന്നു. ഇപ്പോള് പാറമടയുടെ പ്രവര്ത്തനം നിര്ത്തിയിരിക്കുകയാണ്. എന്നാല് പുതിയ വഴി വെട്ടി പാറമട പ്രവര്ത്തിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഉടമകൾ.
മലയോരത്ത് താമസിക്കുന്ന ആളുകളെ എങ്ങനെയെങ്കിലും ഇവിടെനിന്ന് ഒഴിവാക്കാനുള്ള ശ്രമമാണ് രാഷ്ട്രീയ, ഉദ്യോഗസ്ഥ ഭൂമാഫിയയും പാറമട ലോബിയും ചേര്ന്നു നടത്തുന്നത്. ഇതിന്റെ ഭാഗമായി വല്യേന്തയില്നിന്നു വാഗമണ്ണിലേക്കുള്ള റോഡു പണി താമസിപ്പിക്കുകയാണ്. ഇളംകാട്ടിലെ പാലവും പൊളിച്ചിട്ടിരിക്കുകയാണ്.
ഇവിടെ പാലംപണി മനഃപൂര്വം വൈകിപ്പിക്കുകയാണെന്നാണ് നാട്ടുകാര് കുറ്റപ്പെടുത്തുന്നത്.അനധികൃത പാറമടകളുടെ പ്രവര്ത്തനം നിര്ത്തിവയ്പിക്കുകയും മലമുകളില് അപകടകരമായ രീതിയില് താമസിക്കുന്നവരെ അടിയന്തരമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്പ്പിക്കാന് അധികൃതര് നടപടിയെടുക്കുകയും ചെയ്തില്ലെങ്കില് വലിയ ദുരന്തമായിരിക്കും ഇവിടെ സംഭവിക്കാന് പോകുന്നത്.
അപകടസൂചനയായി ഭൂമിയിൽ വിള്ളലുകൾ
ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി കൂട്ടിക്കല് പഞ്ചായത്തിലെ ആറാം വാര്ഡില് വല്യേന്ത-മേലത്തടം ഭാഗത്ത് ഭൂമിയിലുണ്ടായ വിള്ളലുകളെ സംബന്ധിച്ച് സ്ഥല പരിശോധന നടത്തിയ റിപ്പോര്ട്ടില് ഭൂമിയില് കാണപ്പെട്ട വിള്ളല് ഉദ്ദേശം 20 മീറ്റര് നീളത്തില് 70 ഡിഗ്രി ദിശയിലുള്ളതാണെന്നും വിള്ളല്മൂലം 1.5 മീറ്റര് മണ്ണു താഴ്ന്ന് സ്ലൈഡ് ചെയ്തതായി കാണുന്നതാ
യും പറയുന്നുണ്ട്.
പ്രദേശത്ത് പല ഭാഗത്തും വലുപ്പം കുറഞ്ഞ വിള്ളലുകള് പല ദിശകളിലായി രൂപപ്പെട്ടിട്ടുള്ളതായും വിള്ളലുകളില്കൂടി ഉറവയായി വെള്ളം പുറത്തേക്ക് വരുന്നതായും പറയുന്നുണ്ട്. ഇവിടത്തെ മണ്ണിന് ശരാശരി 1.5 മീറ്റര് മുതല് 2 മീറ്റര് വരെ ഘനം ഉണ്ട്. ഹില് സോയില് എന്ന വിഭാഗത്തില്പെട്ടതും ഗ്രാവല് കൂടുതലായി കലര്ന്നതായും കാണുന്നു.
മണ്ണിന്റെ ഷിയറിംഗ് സ്ട്രെംഗ്ത് വളരെ കുറഞ്ഞ് പല ഭാഗങ്ങളിലായി ബലക്കുറവുള്ള പ്രതലങ്ങള് രൂപപ്പെട്ടതായും പറയുന്നുണ്ട്. തുടര്ച്ചയായി ശക്തമായ മഴയോ ഭൂമിയില് പ്രകമ്പനമോ ഉണ്ടായാല് മണ്ണും വൃക്ഷങ്ങളും സ്ലൈഡ് ചെയ്തു താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒലിച്ചു പോകാന് സാധ്യതയുണ്ടെന്നും പ്രദേശത്ത് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിന് യാതൊരു തടസവുമുണ്ടാക്കരുതെന്നും മൈനിംഗ് ആന്ഡ് ജിയോളജി വകുപ്പിലെ സീനിയര് ജിയോളജിസ്റ്റ് തയാറാക്കിയ റിപ്പോര്ട്ടില് പറയുന്നുണ്ട്.