കോട്ടയം: ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷന് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ പരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് വാഗമണ്‍ കോലാഹലമേട്ടില്‍ തുടക്കമായി. ആറു വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ 11 രാജ്യങ്ങളില്‍ നിന്നായി 86ലധികം മത്സരാര്‍ഥികള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വര്‍ഷം തോറും നടക്കുന്ന പാരാഗ്ലൈഡിംഗ് മത്സരം അന്താരാഷ്ട്ര പ്രസിദ്ധമാണ്. 22ന് ഉച്ചയ്ക്ക് 12ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് മത്സരം കാണുന്നതിനും വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതിനുമായി എത്തിച്ചേരും. ലോകത്തിലെ മികച്ച പാരാഗ്ലൈഡര്‍മാര്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനും കാണുന്നതിനുമായി എത്തിച്ചേരുന്നുണ്ട്.
ഫെഡറേഷന് ഓഫ് എയ്റോനോട്ടിക് ഇന്റര്‍നാഷണല്‍, എയ്റോ ക്ലബ് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരത്തോടെയും സാങ്കേതിക സഹകരണത്തോടെയുമാണു മത്സരം. ഫ്ളൈ വാഗമൺ ആണ് പരിപാടിയുടെ പ്രാദേശിക സംഘാടകര്‍. പാരാഗ്ലൈഡിംഗ് അക്യുറസി ഓവറോള്‍, വിമന്‍, ടീം, ഇന്ത്യന്‍ വിമന്‍, ജൂനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. എല്ലാ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം ഒന്നരലക്ഷം, ഒരു ലക്ഷം, 50,000 രൂപ സമ്മാനം ലഭിക്കും.
വാഗമണില്‍നിന്ന് നാലു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കോലാഹലമേട്ടിലെ അഡ്വഞ്ചര്‍ പാര്‍ക്കിലാണ് പാരാഗ്ലൈഡിംഗ് മത്സരങ്ങള്‍. 3000 അടി ഉയരത്തില്‍ 10 കിലോ മീറ്റര്‍ ദൂരത്തിലുള്ള ഈ സ്ഥലം ടേക്ക് ഓഫിനും ലാന്‍ഡിംഗിനും പ്രത്യേകം അനുയോജ്യമാണ്. തണുപ്പു നിറഞ്ഞ അവസ്ഥ, കാറ്റ്, തേയിലത്തോട്ടങ്ങള്‍, പുല്‍മേടുകള്‍, ചോലക്കാടുകള്‍ എന്നിവ പരാഗ്ലൈഡിംഗില് വാഗമണിന്റെ സാധ്യത ഉയര്‍ത്തുന്നു.
ഇന്ത്യയുടെ സാഹസിക ടൂറിസം ഭൂപടത്തില്‍ സുപ്രധാനമായ സ്ഥാനമാണ് കേരളത്തിനുള്ളത്. ഈ രംഗത്തെ സാധ്യതകള്‍ ടൂറിസം വകുപ്പ് പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ട്. പാരാഗ്ലൈഡിംഗിനൊപ്പം വൈറ്റ് വാട്ടര്‍ കയാക്കിംഗ്, സർഫിംഗ്, മൗണ്ടന്‍ സൈക്ലിംഗ് തുടങ്ങിയ സാഹസിക ഇനങ്ങളില്‍ കേരളത്തിനു വലിയ സാധ്യതയാണുള്ളത്.