വെല്ലിംഗ്ടൺ: ന്യൂസിലൻഡ് പേസ് ബൗളർ നീൽ വാഗ്നർ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയ്ക്കെതിരേ നടക്കുന്ന ടെസ്റ്റ് പരന്പരയോടെ ആഭ്യന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കും.
ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ തുടർന്നും കളിക്കുമെന്നും 37 കാരനായ നീൽ വാഗ്നർ പറഞ്ഞു. ന്യൂസിലൻഡിനായി ടെസ്റ്റിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന അഞ്ചാമത്തെ ബൗളർ എന്ന നേട്ടത്തോടെയാണ് നീൽ ഗ്രൗണ്ടിനോട് വിടപറയുന്നത്. 2019-21 ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ് നേടിയ ടീമിൽ ഭാഗമായിരുന്നു.
“വിരമിക്കുകയാണ്. ടീമിന്റെ ഭാഗമല്ലാതാകുന്നത് വേദനാകരമാണ്. പക്ഷേ, ഇതാണ് യഥാർഥ സമയം. സഹതാരങ്ങൾക്ക് അവസരമൊരുക്കുന്നതിനുകൂടിയാണ് ഞാൻ ഈ തീരുമാനമെടുത്തത്’’ – നീൽ വാഗ്നർ വിരമിക്കൽ പ്രസ്താവനയിൽ പറഞ്ഞു.
1986ൽ ദക്ഷിണാഫ്രിക്കയിലെ പ്രെട്ടോറിയയിൽ ജനിച്ച നീൽ വാഗ്്നർ പിന്നീട് മുത്തശിക്കൊപ്പം ന്യൂസിലൻഡിലേക്ക്് കുടിയേറുകയും ക്രിക്കറ്റ് കരിയർ ആരംഭിക്കുകയുമായിരുന്നു. ഇടംകൈയൻ മീഡിയം പേസറായ നീൽ 2012 ലാണ് ന്യൂസിലൻഡിനായി ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറുന്നത്. 2024 ഫെബ്രുവരി 13ന് ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് അവസാന മത്സരത്തിനിറങ്ങിയത്. ന്യൂസിലൻഡിനായി 64 ടെസ്റ്റ് കളിച്ച നീൽ 260 വിക്കറ്റ് വീഴ്ത്തി.
റിക്കാർഡ്
ഓവറിലെ ആറു പന്തിൽ അഞ്ച് വിക്കറ്റ്, തുടർച്ചയായി നാല് വിക്കറ്റ്. കേൾക്കുന്പോൾ അന്പരക്കുമെങ്കിലും നീൽ തന്റെ മാന്ത്രിക വിരലുകളിൽനിന്ന് തൊടുത്ത പന്തിന്റെ നേട്ടമാണിത്. 2011 ഏപ്രിൽ ആറിന് ആഭ്യന്തര ക്രിക്കറ്റിൽ വെല്ലിംഗ്ടണിനെതിരേ സ്റ്റുവർട്ട് റോഡെസ്, ജോ ഓസ്റ്റിൻ സ്മെല്ലീ, ജീതൻ പട്ടേൽ, ഇലി തുഗാഗ എന്നിവരെ തുടർച്ചയായ നാല് പന്തുകളിൽ ഗാലറിയിലേക്ക് പറഞ്ഞയച്ച് നീൽ വിസ്മയം തീർത്ത ദിവസം. ഒരു പന്തിന്റെ ഇടവേളയിൽ മാർക് ഗില്ലസ്പിയെ കൂടി വീഴ്ത്തിയാണ് നീൽ ഓവർ അവസാനിപ്പിച്ചത്. ആറ് പന്തിൽ അഞ്ച് വിക്കറ്റ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ചരിത്രം.
അന്താരാഷ്ട്ര ക്രിക്കറ്റ്
2012ൽ വെസ്റ്റിൻഡീസിനെതിരേയായിരുന്ന ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്. 2013ൽ ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ പരന്പരയിൽ 19 വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു. ഈഡൻ പാർക്കിൽ ഇന്ത്യക്കെതിരേ എട്ട് വിക്കറ്റടക്കം വാഗ്നർ നേട്ടങ്ങൾ തുടർന്നു. എന്നാൽ 2015 ഇംഗ്ലണ്ടിനെതിരേ രണ്ടു മത്സരങ്ങളുടെ പരന്പരയിൽ തെരഞ്ഞെടുത്തില്ല.
അതേ വർഷം തന്നെ ശ്രീലങ്ക പര്യടത്തിൽ തിരിച്ചെത്തി. മികച്ച പ്രകടനം നടത്തി. കിവീസിന്റെ ടെസ്റ്റ് ടീമിൽ സ്ഥിരാംഗമായി. 2019-20ൽ ഐസിസിയുടെ ലോക റാങ്കിംഗിൽ ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താനുമായി. ന്യൂസിലൻഡിന്റെ എക്കാലത്തെയും പേസർമാരിൽ ഏറ്റവും മികച്ച രണ്ടാമത്തെ സ്ട്രൈക്ക്റേറ്റിനുടമയണ് – 52.7, റിച്ചാർഡ് ഹാർഡ്ലിയാണ് ഒന്നാമത്.
കരിയർ:
ടെസ്റ്റ്: മത്സരം- 64, വിക്കറ്റ്- 260, അഞ്ച് വിക്കറ്റ് നേട്ടം- ഒന്പത്, മികച്ച ബൗളിംഗ്-39/7.
ബാറ്റിംഗ്: റണ്സ്- 875, ഉയർന്ന സ്കോർ- 66 നോട്ടൗട്ട്.