മോസ്കോ: വാഗ്നർ കൂലിപ്പട്ടാള തലവൻ യെവ്ഗനി പ്രിഗോഷിന്റെ മരണത്തിനു ശേഷം ആദ്യമായി പ്രതികരിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. പ്രിഗോ ഷിൻ കൊല്ലപ്പെട്ട വിമാനാപകടത്തിൽ പുടിൻ അനുശോചിച്ചു. അപകടത്തെ ദുരന്തമെന്നാണ് പുടിൻ വിശേഷിപ്പിച്ചത്.
പ്രിഗോഷിൻ കഴിവുകളുള്ള എന്നാൽ നിരവധി തെറ്റുകൾ ചെയ്ത മനുഷ്യനായിരുന്നെന്ന് പുടിൻ പറഞ്ഞു. 90-കളുടെ തുടക്കം മുതൽ തനിക്ക് പ്രിഗോഷിനെ അറിയാം.
അദ്ദേഹം തന്റെ ആവശ്യങ്ങൾക്കായി പരിശ്രമിച്ചു, അതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോൾ, പൊതു ആവശ്യത്തിനായെന്നാണ് പറഞ്ഞത്.
അദ്ദേഹം കഴിവുള്ള വ്യക്തിയായിരുന്നു, കഴിവുള്ള ബിസിനസുകാരനായിരുന്നു, അദ്ദേഹം നമ്മുടെ രാജ്യത്ത് മാത്രമല്ല, വിദേശത്തും, പ്രത്യേകിച്ച് ആഫ്രിക്കയിലും പ്രവർത്തിച്ചു.
അദ്ദേഹം കഴിഞ്ഞ ദിവസമാണ് ആഫ്രിക്കയിൽനിന്നും മടങ്ങിയെത്തിയത്. ഇവിടെ ഏതാനും ഉദ്യോഗസ്ഥരെ കാണുകയും ചെയ്തു. വിമാന അപകടം സംബന്ധിച്ച അന്വേഷണത്തിന് സമയമെടുക്കുമെന്നും അന്വേഷണത്തിന്റെ ഫലം വരുന്നതുവരെ കാത്തിരിക്കണമെന്നും പുടിൻ പറഞ്ഞു.
അപടത്തിൽ കൊല്ലപ്പെട്ടവർ യുക്രെയ്ൻ യുദ്ധത്തിൽ വലിയ സംഭാവന നൽകിയവരാണെന്നും റഷ്യൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.