വെള്ളമുണ്ട: വീടിനായുള്ള ശ്രമങ്ങൾ വിഫലമായപ്പോൾ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ താമസമാക്കിയ ആദിവാസി കുടുംബം താത്കാലിക ഷെഡിലേക്കു മാറി. തരുവണ മഴുവന്നൂർ കോളനിയിലെ വിഷ്ണുവും കുടുംബവുമാണ് കോളനിയിൽത്തന്നെ നിർമിച്ച താത്കാലിക ഷെഡിലേക്കു താമസം മാറ്റിയത്.
കഴിഞ്ഞ ദിവസമാണ് ഗർഭിണിയായ ഭാര്യയ്ക്കും രണ്ടു കുട്ടികൾക്കുമൊപ്പം വിഷ്ണു തരുവണയിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ താമസമാക്കിയത്. ഇത് വിവാദമായതോടെ പട്ടികവർഗ വികസന വകുപ്പ് ലഭ്യമാക്കിയ സാമഗ്രികൾ ഉപയോഗിച്ചു വിഷ്ണുതന്നെയാണ് കോളനിയിൽ താത്കാലിക പാർപ്പിടം ഒരുക്കിയത്.
കോളനിക്കാർ ഇതിനെ എതിർത്തതോടെയാണ് പട്ടികവർഗ വികസന വകുപ്പ് താത്കാലിക ഷെഡ് നിർമാണത്തിനു പ്ലാസ്റ്റിക് ഷീറ്റും മറ്റും എത്തിച്ചത്. പ്രദേശത്തു സൗകര്യമുള്ള വീട് കണ്ടെത്തി വിഷ്ണുവിനെയും കുടുംബത്തെയും എത്രയും വേഗം അവിടേക്കു മാറ്റുമെന്നു ട്രൈബൽ ഓഫീസർ അറിയിച്ചു. താത്കാലിക ഷെഡിൽ പരിമിതമാണ് സൗകര്യം.