ഗാന്ധിനഗർ: ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ മാലിന്യം നിറച്ച ചാക്കുകൾ. ആർപ്പൂക്കര അന്പലക്കവലയിൽ ലക്ഷങ്ങൾ ചെലവഴിച്ചു പഞ്ചായത്ത് നിർമിച്ച ബസ്് കാത്തിരുപ്പു കേന്ദ്രത്തിലാണ് മാലിന്യം ചാക്കിലും പ്ലാസ്റ്റിക് കവറിലുമായി നിക്ഷേപിച്ചിരിക്കുന്നത്. ആർപ്പൂക്കര ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തജനങ്ങൾക്കും ഗവ. ഹയർ സെക്കൻഡറി സ്കൂൾ, എസ്എംഇ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു വരുന്ന വിദ്യാർഥികൾക്കും ഈ മാലിന്യത്തിൽ നിന്നും വമിക്കുന്ന ദുർഗന്ധം മൂലം മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയാണ്.
വർഷങ്ങൾക്കു മുൻപ് ആർപ്പൂക്കര പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ചതാണ് ഈ ബസ് കാത്തിരിപ്പു കേന്ദ്രം. നിർമിതി കേന്ദ്രത്തിന്റെ ചുമതലയിലാണ് ഇതിന്റെ പണി പൂർത്തീകരിച്ചത്. പഴയ ബസ് കാത്തിരിപ്പു കേന്ദ്രം നിലനിൽക്കേ തന്നെ ഏതാനും മീറ്ററുകൾ മാറി പ്രധാന റോഡിനോട് ചേർന്ന് താല്കാലികമായി പുതിയ ബസ് കാത്തിരുപ്പു കേന്ദ്രം നിർമ്മിച്ചു.
ഇതോടെ പഴയ ബസ് കാത്തിരിപ്പു കേന്ദ്രം അവഗണനയിലുമായി.തുടർന്ന് ഇവിടം സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമാകുകയായിരുന്നു. അടുത്ത നാളുകളിൽ ഇവിടേക്ക്് മാലിന്യ നിക്ഷേപവും ആരംഭിച്ചു.മെഡിക്കൽ കോളജിന് ഏറ്റവും അടുത്തും ജനങ്ങൾ തിങ്ങിപ്പാർക്കുന്നിടവുമാണ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയത്.