തൃശൂർ: പോകാനും വരാനും ഒരു ബസുപോലുമില്ലാത്ത വഴിയിൽ മോടിപിടിപ്പിച്ചുകൊണ്ടിരുന്ന ബസ് സ്റ്റോപ്പ് ഒടുവിൽ കോർപറേഷൻ പൊളിച്ചടുക്കി.
തൃശൂർ നഗരത്തിലെ പാട്ടുരായ്ക്കൽ ബസ് സ്റ്റോപ്പാണ് പണികളെല്ലാം നിർത്തി പൊളിച്ചുമാറ്റി വെറും സിമന്റ് തറ മാത്രമാക്കിയത്. ആർക്കും വേണ്ടാത്ത ബസ് സ്റ്റോപ്പ് തൃശൂർ കോർപറേഷൻ മോടിയാക്കുന്ന കാര്യം ദീപിക നേരത്തേ റിപ്പോർട്ടു ചെയ്തിരുന്നു.
എന്തിനാണ് യാത്രക്കാരാരും കാത്തുനിൽക്കാനില്ലാത്ത ഈ ബസ് സ്റ്റോപ്പ് ഹൈഫൈ ആയി നന്നാക്കുന്നതെന്ന് അധികാരികളോടു ചോദിച്ചായിരുന്നു രാഷ്ട്രദീപിക വാർത്ത.
ഇക്കാര്യം ശ്രദ്ധയിൽപെട്ടതിനെതുടർന്നാണ് പാട്ടുരായ്ക്കൽ ബസ് സ്റ്റോപ്പ് മോടിപിടിപ്പിക്കൽ കോർപറേഷൻ അവസാനിപ്പിച്ചത്.നഗരത്തിലെ പല ബസ് സ്റ്റോപ്പുകളും അടിപൊളിയാക്കിയപോലെയാണ് ആരാരും കാത്തുനിൽക്കാനില്ലാത്ത പാട്ടുരായ്ക്കൽ ജംഗ്ഷനിൽനിന്നും അശ്വനി ജംഗ്ഷനിലേക്കുള്ള വഴിയിലുള്ള പഴയ ബസ് സ്റ്റോപ്പും മോടിപിടിപ്പിച്ചുകൊണ്ടിരുന്നത്.
ബസില്ലാത്ത ഈ വഴിയിൽ ബസ് സ്റ്റോപ്പ് മോടിയാക്കുന്നതിനെ ആളുകൾ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു.
സ്വന്തം ലേഖകൻ