പാലോട്: രാഷ്ട്രീയ പാര്‍ട്ടികളുടേയും ഉത്സവങ്ങളുടേയും പരസ്യബോര്‍ഡുകള്‍ കൊണ്ട് നന്ദിയോട് കാത്തിരിപ്പു കേന്ദ്രം മറച്ചു. കാത്തിരിപ്പു കേന്ദ്രത്തിനകത്തിരുന്നാല് വരുന്നതോ പോകുന്നതോ ആയ ഒറ്റവാഹനവും കാണാനാകുന്നില്ല. ബസുകളുടെ ബോര്‍ഡുകള്‍ കാണാന്‍ കഴിയാത്തതിനാല്‍ നാട്ടുകാര്‍ ഇപ്പോള്‍ കാത്തിരിപ്പു കേന്ദ്രത്തിനകത്താണ് നില്‍പ്പ്. നിരവധിതവണ പോലീസ് ഇവിടെ നിന്നും ബോര്‍ഡുകള്‍ മാറ്റി വച്ചെങ്കിലും വീണ്ടും ബോര്‍ഡുകള്‍ കാത്തിരിപ്പു കേന്ദ്രം മറച്ചു.
തെങ്കാശിപ്പാതയിലെ ഏറ്റവും പ്രധാനപ്പെട്ട കവലയാണ് നന്ദിയോട്.പാലോട്നന്ദിയോട്, പാലോട്വിതുര റോഡുകള്‍ ചേരുന്ന റോഡിലാണ് കാത്തിരുപ്പു കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്തിന്റെ വായനശാലയും കാത്തിരിപ്പു കേന്ദ്രത്തിന്റെ മുകളിലാണ്. ഈ കെട്ടിടത്തെ പൂര്‍ണ്ണമായും മറച്ചുകൊണ്ടാണ് പരസ്യബോര്ഡുകള്സ്ഥാപിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ പാലോട് പോലീസും നന്ദിയോട് ഗ്രാമ പഞ്ചായത്തും മുന്നോട്ടു വരണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു.