കാടും പടലും പിടിച്ച് ഉപയോഗ ശൂന്യമായി കിടന്ന കരിങ്കുന്നം വെയിറ്റിംഗ് ഷെഡ് ആം ആദ്മി പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ പെയിന്റു ചെയ്ത് ഭംഗിയാക്കി. കരിങ്കുന്നം പ്ലാന്റേഷൻ കവലയിലെ ബസ് കാത്തിരിപ്പു കേന്ദ്രമാണ് കരിങ്കുന്നം പഞ്ചായത്ത് മെംബർ ബീന കുര്യന്റെ നേതൃത്വത്തിൽ വൃത്തിയാക്കിയത്.
പാതയുടെ വികസനം വന്നതോടെ റോഡ് നിരപ്പിൽനിന്നും താഴെയായതോടെയാണ് വെയിറ്റിംഗ് ഷെഡ് അവഗണിക്കപ്പെട്ടത്. കാടും പടലും കയറി ഇഴജന്തുക്കൾ വാസമുറപ്പിക്കാൻ തുടങ്ങിയതോടെ യാത്രക്കാരും ഇവിടെ കയറാതായി.
മഴയും വെയിലുമേറ്റ് യാത്രക്കാർ വഴിയോരത്ത് ബസ് കാത്തുനിൽക്കേണ്ട ഗതികേടിലായിരുന്നു. ഇതോടെയാണ് ആം ആദ്മി പ്രവർത്തകർ മുന്നിട്ടിറങ്ങി കാടുവെട്ടി വൃത്തിയാക്കിയത്. ഇവിടെ ആളുകൾക്ക് കയറാൻ പടിക്കെട്ടുകൾ നിർമിക്കുകയും ഇരിപ്പിടങ്ങളിൽ ടൈലുകൾ പാകുകയും ചെയ്തു.