ബംഗളൂരു: ശ്രീരംഗപട്ടണത്തെ ചരിത്രസ്മാരകങ്ങളിലും സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും ഭൂമികളിലും അവകാശവാദമുന്നയിച്ച് കർണാടക വഖഫ് ബോർഡ്.
ചരിത്രനഗരമായ ശ്രീരംഗപട്ടണം താലൂക്കിലെ സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ ഭൂമികൾ, ടിപ്പുവിന്റെ ആയുധപ്പുര, ശ്രീ ചാമരാജേന്ദ്ര മെമോറിയൽ മ്യൂസിയം, മഹാദേവപുര വില്ലേജിലെ ചിക്കമ്മ ക്ഷേത്രം, ചന്ദഗലു ഗ്രാമത്തിലെ സർക്കാർ സ്കൂൾ എന്നിവയിലാണ് വഖഫ് ബോർഡ് അവകാശവാദമുന്നയിച്ചത്.
ഇതിനുപുറമെ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ), സംസ്ഥാന പുരാവസ്തു മ്യൂസിയം ഹെറിറ്റേജ് വകുപ്പ് എന്നിവയുടെ അധികാരപരിധിയിലുള്ള വിവിധ കെട്ടിടങ്ങളിലും വഖഫ് ബോർഡ് അവകാശമുന്നയിച്ചു.
കിരംഗുർ, കെ. ഷെട്ടാഹള്ളി വില്ലേജുകളിലെ കർഷകഭൂമിയായ 70-ഓളം പ്ലോട്ടുകൾ ബോർഡിന് അവകാശപ്പെട്ടതാണെന്നാണ് ഇപ്പോഴുള്ള വാദം.
ഭൂമിയുടെ പരമ്പരാഗത അവകാശം തെളിയിക്കുന്ന ഔദ്യോഗിക രേഖയായ ആർടിസി (റെക്കോർഡ് ഓഫ് റൈറ്റ്സ്, ടെനൻസി ആൻഡ് ക്രോപ്സ്) യിൽ ഈ കെട്ടിടങ്ങളും ഭൂമിയും തങ്ങളുടെ കീഴിലുള്ളതാണെന്നാണ് വഖഫ് ബോർഡ് പറയുന്നത്.
എന്നാൽ, കാലങ്ങളായി തങ്ങൾ കൃഷിചെയ്ത് അനുഭവിച്ചുപോന്ന കൃഷിയിടങ്ങൾ വഖഫ് ബോർഡിന്റെ സ്വത്തുക്കളായി പട്ടികപ്പെടുത്തിയതിൽ കർഷകർ ആശങ്കയിലാണ്.