പ്രദീപ് ഗോപി
പത്തനംതിട്ടയിലെ ഇടതു സ്ഥാനാർഥി വീണാ ജോർജിനു വോട്ടഭ്യർഥിച്ചു കൊണ്ടുള്ള പടുകൂറ്റൻ ചുവരെഴുത്ത് കൗതുകമാകുന്നു. കൊല്ലം-ഡിണ്ടിഗൽ ദേശീയപാതയോരത്ത് (കെകെ റോഡ്)പുളിക്കൽകവലയ്ക്കു സമീപം പതിനഞ്ചാം മൈലിലാണ് ഈ കൂറ്റൻ ചുവരെഴുത്ത്.
കോട്ടയം ജില്ലയിലെന്നല്ല, സംസ്ഥാനത്തു മറ്റൊരിടത്തും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇത്രയും വലിയ ചുവരെഴുത്ത് ഉണ്ടാകാൻ സാധ്യതയില്ല. ദശീയപാതയ്ക്ക് അഭിമുഖമായുള്ള ചുവരിന് 60 അടിയിലധികം നീളവും 15 അടി ഉയരവുമാണുള്ളത്. കിഴക്കോട്ട് പോകുന്പോൾ കാണാൻ കഴിയുന്ന ഈ ചുവരിന്റെ ബാക്കി ഭാഗത്തിന് 25 അടി നീളവും 15 അടി പൊക്കവുമുണ്ട്.
ആകെ ചുവരെഴുത്തിന്റെ വലുപ്പം 85 അടി നീളവും 15 അടി ഉയരവും. കെട്ടിടം പണിയാനായി കൽക്കെട്ടിനു പകരം കോൺക്രീറ്റ് ചെയ്ത് മണ്ണിട്ടു നികത്തിയതാണ്. ഈ കോൺക്രീറ്റിലാണ് ചുവരെഴുത്ത്. കോട്ടയം ജില്ലയിലെ കാനം സ്വദേശി പാണ്ടിക്കര വീട്ടിൽ ജിജി എന്ന ചിത്രകാരന്റെ കരവിരുതാണ് ഈ ചുവരെഴുത്തിലൂടെ തെളിയുന്നത്.
പൊള്ളുന്ന വേനലായതിനാൽ രാത്രിയിലായിരുന്നു ചുവരെഴുത്ത്. രാത്രി എട്ടു മുതൽ പുലർച്ചെ ഒരു മണിവരെ എഴുതും. സ്ഥാനാർഥിയുടെ ചിത്രം ഫ്ലക്സ് ബോർഡിൽ നിന്നു വെട്ടിയെടുത്ത് ഒട്ടിച്ച ശേഷം ബോർഡർ കൊടുത്തു മനോഹരമാക്കുകയായിരുന്നു. മൂന്നു ദിവസം കൊണ്ടാണ് ചുവരെഴുത്ത് പൂർത്തിയാക്കിയത്. വെളിച്ചവും മറ്റു സംവിധാനങ്ങളും ഒരുക്കി കൂട്ടുകാരും കൂടെയുണ്ടായിരുന്നു. ബ്രഷും ഒപ്പം കംപ്രസറും ഉപയോഗിച്ചാണ് ചുവരെഴുത്ത് നടത്തിയത്.
എപി ആർട്സിൽ ചിത്രകലയിൽ ഡിപ്ലോമ നേടിയ ജിജി ചങ്ങനാശേരിയിലും കൊല്ലത്തുമുള്ള രണ്ടു പരസ്യക്കന്പനിയിൽ ആർട്ടിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. 20 വർഷമായി ആർട്ടിസ്റ്റായി ജോലി നോക്കുന്ന ജിജി ഇപ്പോൾ സ്വന്തമായി വർക്കുകൾ എടുത്തു ചെയ്യുകയാണ്. പരേതരായ ഏബ്രഹാം-കുഞ്ഞമ്മയുടെ മകനാണ് ജിജി. ഭാര്യ: ജോമോൾ. മക്കൾ: സാനിയ, സഞ്ജയ്. ഏകസഹോദരൻ
ജിജോ.