സി.അനിൽകുമാർ
വാളയാർ. കേരളത്തിലേക്കുള്ള പ്രധാന കവാടം. പാലക്കാടിന്റെയും തമിഴ്നാടിന്റെയും അതിർത്തി പങ്കിടുന്ന ദേശീയപാതയിലെ ഈ പ്രദേശം പണ്ടേ പ്രസിദ്ധം. എന്നാൽ അത് കുപ്രസിദ്ധിയുടെ പേരിലാണെന്നുമാത്രം. എന്തുകൊണ്ട് വാളയാർ കുപ്രസിദ്ധിയാർജിച്ചു എന്നതിന് ഉത്തരം ഇവിടെ നിലനിൽക്കുന്ന വിവിധ വകുപ്പുകളുടെ ചെക്ക്പോസ്റ്റുകളും അവരുടെ കേസ് ഫയലുകളും മാത്രം പരിശോധിച്ചാൽ മതി. വിജനവും വിശാലവുമായ ഈ പാത കള്ളക്കടത്തിന്റെയും സ്പിരിറ്റുകടത്തിന്റെയും അഴിമതിയുടെയും പിടിച്ചുപറിയുടെയും സംഭവബഹുലമായ കഥകൾകൊണ്ട് നിറഞ്ഞിട്ടുള്ളത്.
സ്പിരിറ്റിൽ തുടക്കം
തമിഴ്നാട്ടിൽനിന്നും കേരളത്തിലേക്കുള്ള ഇടനാഴിയായ വാളയാർപാത കുപ്രസിദ്ധി കൈവരിച്ചത് ആദ്യം സ്്പിരിറ്റുകടത്തിലൂടെയാണ്. കേരളത്തിന്റെ ആഘോഷങ്ങൾ കൊഴുപ്പിക്കാൻ ഒരുകാലത്ത് തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നുമെല്ലാം സ്പിരിറ്റൊഴുകിയിരുന്നത് വാളയാർവഴിയാണ്. വാഹനങ്ങളിൽ പ്രത്യേകം അറകൾ നിർമിച്ചും ചരക്ക് ലോഡുകൾക്കിടയിലും ഉൗടുവഴികളിലൂടെയും ഒഴുകിയെത്തിയ സ്പിരിറ്റ് കേരളത്തെ ലഹരിയിലും മരണത്തിലും മുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. കോടിക്കണക്കിന് ലിറ്റർ സ്പിരിറ്റ് അധികൃതർ പിടികൂടിയപ്പോൾ അതിന്റെ പത്തിരട്ടിയോളം കണക്കിൽപെടാതെയുമെത്തി.
വിവിധ ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ച് സ്്പിരിറ്റുവേട്ട കർശനമാക്കിയതോടെയാണ് വാളയാർവഴിയുള്ള കടത്ത് സ്പിരിറ്റുലോബി നിയന്ത്രിച്ചത്. ചന്ദനക്കടത്തും പണ്ട് യഥേഷ്ടം നടന്നിരുന്നു. വാളയാറിലെ സ്്പിരിറ്റുകടത്തിനെ പ്രമേയമാക്കി ജോഷി സംവിധാനംചെയ്ത റണ്വേ എന്ന സിനിമയും ദിലീപിന്റെ വാളയാർ പരമശിവം എന്ന കഥാപാത്രവും വെള്ളിത്തിരയിൽ നിറഞ്ഞോടിയത് ആരും മറന്നിട്ടില്ല,
സ്വർണവും പണവും കായ്ക്കുന്ന ഇടനാഴി
സ്പിരിറ്റുകടത്ത് നിന്നതോടെ കഞ്ചാവിന്റെയും കള്ളക്കടത്തിന്റെയും പ്രധാനപാതയായി വാളയാർ മാറിതുടങ്ങി. വർഷങ്ങളുടെ തഴക്കവു പഴക്കവുകൊണ്ട് ഇന്നത് പതി·ടങ്ങ് വർധിച്ചു.അധികൃതരുടെ പരിശോധനയിൽ ആഴ്ചയിൽ മൂന്നോ നാലോ ദിവസമെങ്കിലും കള്ളക്കടത്ത് പിടിക്കപ്പെടുന്നുവെന്നത് ഇതിന്റെ തീവ്രത യുടെ ആഴം ചൂണ്ടിക്കാട്ടുന്നു.
കിലോക്കണക്കിന് സ്വർണവും വെള്ളിയും കോടിക്കണക്കിന് രൂപയുടെ കുഴൽപ്പണവും ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളും കഞ്ചാവും ഹാഷിഷുമെല്ലാം പിടിക്കപ്പെടുകയും കടത്തപ്പെടുകയും ചെയ്യുന്നു. ഒരർഥത്തിൽ സ്വർണവും പണവും കായ്ക്കുന്ന ലോബികളുടെ ഇടനാഴിയാണ് ഇന്ന് വാളയാർ.
ചെക്ക്പോസ്റ്റുകൾ മൂന്ന്
കുറ്റകൃത്യങ്ങൾ വർധിച്ചതോടെ സംസ്ഥാന സർക്കാരിന്റെ വിവിധവകുപ്പുകളുടെ ചെക്ക്പോസ്റ്റുകൾ വാളയാറിൽ സ്ഥാപിക്കപ്പെട്ടു. വാണിജ്യനികുതി ചെക്ക്പോസ്റ്റ്, ആർടിഒ ചെക്ക്പോസ്റ്റ്, എക്സൈസ് ചെക്ക്പോസ്റ്റ് എന്നിവ ഇടവിട്ട് സ്ഥിതിചെയ്്തു. ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കിയതു മുതൽ വാണിജ്യ നികുതി ചെക്ക്പോസ്റ്റ് മാത്രം നീക്കംചെയ്യപ്പെട്ടു. ഇതോടെ നിലവിലുള്ള ആർടി ഒ, എക്സൈസ് ചെക്ക്പോസ്റ്റുകൾക്ക് പിടിപ്പതു പണിയുമായി.
വാഹനത്തിന്റെ രേഖകളുമായി ബന്ധപ്പെട്ട പരിശോധ ആർടി ഒ അധികൃതർ നടത്തുന്പോൾ കള്ളക്കടത്ത് പ്രധാനമായും പിടികൂടുന്നത് എക്സൈസ് അധികൃതരും പോലീസുമാണ്. നാഷണൽ ഹൈവേ അഥോറ്റിയുടെ നിയന്ത്രണങ്ങൾ ഏറെയുള്ള ദേശീയപാതയിൽ പരിമിതികൾക്കിടയിൽ നിന്നാണ് ഇവരുടെ വേട്ടകൾ.
കള്ളക്കടത്തിന്റെ വഴികൾ
അന്തർസംസ്ഥാന പാതയായതിനാൽതന്നെ കള്ളക്കടത്ത് പിടിക്കപ്പെടാതിരിക്കാൻ പലവിധമാർഗങ്ങളാണ് ഇടപാടുകാർ സ്വീകരിച്ചുവരുന്നത്. ഇതിലൊന്ന് ബസുകൾ വഴിയാണ്. കേരളത്തിന്റെയും തമിഴ്നാടിന്റെയും കർണാടകയുടെയും സർക്കാർ ബസ് സർവീസുകൾ നിരന്തരമുള്ള ഈ പാതയിൽ യാത്രക്കാരായാണ് കള്ളക്കടത്ത്. കൈവശമുള്ള ബാഗുകളിലും കോട്ടിനുള്ളിലും പണവും സ്വർണവും കടത്തുന്നവർ നിരവധി. സ്ത്രീയാത്രക്കാരെയും വിദ്യാർഥിനികളേയുംവരെ കള്ളക്കടത്തിന് വിനിയോഗിക്കുന്നു.
ബസുകളിൽ കാര്യമായ പരിശോധനകൾ നടത്തില്ലെന്ന ധാരണയിലാണിത്. മറ്റൊരു മാർഗം ആഡംബര വാഹനങ്ങളിലൂടെയാണ്. മണിക്കൂറിൽ 150 കിലോമീറ്റർവരെ വേഗതയിൽ സഞ്ചരിക്കുന്ന ആഡംബര വാഹനങ്ങൾ തടയുകയും പരിശോധിക്കുകയും പലപ്പോഴും സാധ്യമല്ല. പരിശോധനയ്ക്കിടെ ഗതാഗതതടസങ്ങളും അപകടങ്ങളും സംഭവിക്കാൻ പാടില്ലെന്ന നാഷണൽ അഥോറിറ്റിയുടെ നിർദേശവുമുണ്ട്. ചരക്കുവാഹനങ്ങളിലും കള്ളക്കടത്ത് യഥേഷ്ടം നടക്കുന്നു.
കഴിഞ്ഞദിവസം 12 ലക്ഷം രൂപയുടെ പുകയില ഉല്പന്നങ്ങൾ പിടിച്ചത് പച്ചക്കറിക്കൊപ്പം ചാക്കിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ്. അന്നുതന്നെ മുക്കാൽകിലോ സ്വർണവും പഞ്ചാവും എക്സൈസുകാർ പിടികൂടിയിരുന്നു. കോയന്പത്തൂർ എയർപോർട്ടുവഴി എത്തുന്ന സ്വർണമാണ് കേരളത്തിന്റെ പലഭാഗങ്ങളിലേക്കും ഇത്തരത്തിൽ കടത്തുന്നത്.
പ്രളയത്തിന്റെ മറവിലും തട്ടിപ്പ്
ഓഗസ്റ്റിലെ പ്രളയത്തിന്റെ മറവിലും കള്ളകടത്തുനടന്നു. ദുരിതാശ്വാസസഹായമാണെന്ന വ്യാജേന ബാഗിൽനിറച്ച വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച കുഴൽപ്പണം ഓഗസ്റ്റ് 31ന് പിടികൂടിയിരുന്നു. 2016 ൽ രേഖകളില്ലാതെ കണ്ടെയ്നറിൽ കടത്തിയ ആറരക്കോടിയുടെ റോൾസ് റോയ്സ് കാർ പിടികൂടി ഒന്നരകോടി പിഴയടപ്പിച്ചതും വാളയാറിൽതന്നെ.
പിടിച്ചുപറിയും വർധിച്ചു, തട്ടിപ്പ് പോലീസ് വേഷത്തിലും
കള്ളക്കടത്തിന് പിന്നാലെ പിടിച്ചുപറിയും കൊള്ളയടിക്കലും അടുത്തിടെ വാളയാർ ദേശീയപാതയിൽ വർധിച്ചത് യാത്രക്കാരേയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്.കേരളത്തിൽ നിന്ന് മറ്റുസംസ്ഥാനങ്ങളിലേക്കും തിരിച്ചുംവരുന്ന ആഡംബര ബസുകളേയും സ്വകാര്യവാഹനങ്ങളേയും കേന്ദ്രീകരിച്ചാണ് കൊള്ളയടി വർധിച്ചിട്ടുള്ളത്. ഇതിൽ പ്രധാനം കുഴൽപ്പണംതട്ടിയെടുക്കൽതന്നെയാണ്.
പോലീസിന്റെ വേഷമണിഞ്ഞ് കൊള്ളസംഘം വാഹനം തടഞ്ഞുനിർത്തി യാത്രക്കാരിൽനിന്ന് സ്വർണവും പണവും കൈക്കലാക്കുകയാണ്. അനധികൃത പണവും സ്വർണവുമായി വരുന്നവരെ വലിച്ചിറക്കി വാഹനത്തിൽകയറ്റികൊണ്ടുപോവുകയും കൊള്ളയടിച്ചശേഷം മർദിച്ച് വഴിയരികിൽ തള്ളുകയുമാണ് രീതി. കണക്കിൽപ്പെടാത്ത പണവും സ്വർണവുമായതിനാൽ പരാതിപ്പെടാനും പലരും തുനിയാറില്ല.
പട്ടാളംവിപിൻ പിടിയിലായപ്പോൾ
ദേശീയപാതയിൽ യാത്രക്കാരെ തടഞ്ഞുനിർത്തി കൊള്ളയടിക്കുന്ന സംഘത്തെ അടുത്തിടെയാണ് പാലക്കാട് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. സംഘത്തലവൻ തൃശൂർ സ്വദേശി പട്ടാളം വിപിൻ പിടിയിലായപ്പോൾ പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പോലീസ് വേഷണത്തിലെത്തി തട്ടിപ്പുനടത്തുന്ന പട്ടാളം വിപിനടക്കം അഞ്ചുപേരാണ് പിടിയിലായത്. മൂന്നുവർഷത്തിനിടെ കോടികളുടെ സ്വർണവും പണവുമാണ് ഇത്തരത്തിൽ ഇവർ തട്ടിയെടുത്തത്.
2015 ൽ വാളയാറിൽ തമിഴ്നാട് ബസ് തടഞ്ഞുനിർത്തി വ്യാപാരിയിൽനിന്ന് മൂന്ന് ലക്ഷംരൂപ തട്ടിയെടുത്തതു മുതൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 29ന് ചെന്നൈയിലേക്കു പോവുകയായിരുന്ന ആഡംബര ബസ് വാളയാറിൽ തടഞ്ഞുനിർത്തി തൃശൂർ സ്വദേശിയെ കൊള്ളയടിച്ചതുവരെ അതു തുടർന്നു.
ജോണ്സണ് എന്ന വ്യാപാരിയുടെ 1.25 കിലോ സ്വർണമാണ് കവർന്നത്. ഇദ്ദേഹത്തിന്റെ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ് സംഘം പിടിയിലാകുന്നത്. 2016ലു 2017ലും ഇത്തരത്തിൽ ലക്ഷങ്ങളാണ് ഓരോ കവർച്ചകളിൽനിന്നും ഇവർ സന്പാദിച്ചത്. തുടർന്ന് ആഡംബരജീവിതവും നയിച്ചുവരികയായിരുന്നു.
എക്സൈസിന്റെ പരിമിതി
വാളയാർവഴിയുള്ള കള്ളക്കടത്ത് വേട്ട പ്രധാനമായും പിടികൂടുന്നത് എക്സൈസിന്റെ നേതൃത്വത്തിലാണ്. എന്നാൽ പരിമിതികളുടെയും അസൗകര്യങ്ങളുടെയും നടുവിലാണ് വാളയാർ എക്സൈസ് ജീവനക്കാർ. ഓഫീസായിചെറിയൊരു മുറിമാത്രം. പ്രാഥമിക ആവശ്യം നിറവേറ്റാനോ ഭക്ഷണംകഴിക്കാനോ പോലും സൗകര്യമില്ല. മുപ്പതോളം ജീവനക്കാർ പല ഷിഫ്ടുകളിലായി ജോലിചെയ്യുന്നുമുണ്ട്. നിലവിൽ പൂട്ടിക്കിടക്കുന്ന വാണിജ്യനികുതിചെക്ക്പോസ്റ്റിന്റെ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടുമില്ല.
ടോൾപ്ലാസയിലും ദേശീയപാതയിൽ ജീവൻപണയംവച്ചുമാണ് ഇവരുടെ പരിശോധന. സംശയസാഹചര്യത്തിലുള്ള സ്ത്രീയാത്രക്കാരെ പരിശോധിക്കാനുള്ള സംവിധാനമില്ലാത്തതിന് ഇപ്പോഴാണ് പരിഹാരമായിട്ടുള്ളത്. എക്സൈസിൽ സ്ത്രീജീവനക്കാരേയും നിയമിച്ചുകഴിഞ്ഞു. ഗ്രീൻ ചാനൽവഴിയുള്ള വാഹനങ്ങളെ പരിശോധിക്കാൻ നിർവാഹമില്ലാത്തതിനാൽ ഇതുവഴിയുള്ള കള്ളക്കടത്ത് തടയാനുമാകുന്നില്ല.
കള്ളക്കടത്ത് തടയാനും യാത്രക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഏർപ്പെടുത്താനും ശക്തമായ ഒരു സംവിധാനവും ഇനിയും നമുക്ക് വേണ്ടതുണ്ട്. അതിനുള്ള നടപടികൾ ഭരണകൂടം ഉടനടി എടുക്കണമെന്നതിലേക്കാണ് ഞങ്ങൾ വിരൽചൂണ്ടുന്നത്.