വിഴിഞ്ഞം: വിഴിഞ്ഞം മുക്കോലയിൽ കിണറ്റിൽ കുടുങ്ങി കിടന്നിരുന്ന തൊഴിലാളി മരിച്ചു. വെങ്ങാനൂർ നീലകേശി റോഡ് നെല്ലിത്തറ വീട്ടിൽ മഹാരാജൻ (55) ആണ് മരിച്ചത്.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ മൂന്നാം ദിനമായ ഇന്ന് രാവിലെയാണ് മൃതദേഹം പുറത്തെടുത്തത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.
ശനിയാഴ്ച രാവിലെ ഒൻപതോടെയാണ് വിഴിഞ്ഞം മുക്കോല സർവശക്തിപുരം അശ്വതിയിൽ സുകുമാരന്റെ വീട്ടു മുറ്റത്തെ കിണറ്റിൽ റിംഗ് ഇറക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് മഹാരാജൻ അപകടത്തിൽപ്പെട്ടത്.
ഇന്നലെ രാത്രി എട്ടരയോടെ പൂയപ്പള്ളിയിൽനിന്നെത്തിയ വിദഗ്ധ തൊഴിലാളികളും വിഴിഞ്ഞം, ചെങ്കൽചൂള എന്നിവിടങ്ങളിലെ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ആലപ്പുഴയിൽ നിന്നെത്തിയ എൻഡിആർഎഫ് സംഘവുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ അപകടകരമായ രീതിയിൽ മണ്ണ് ഇടിഞ്ഞിറങ്ങിയിരുന്നു. ഇതു തടയാൻ താൽകാലിക സംവിധാനം ഒരുക്കിയശേഷമായിരുന്നു അവസാനവട്ട തെരച്ചിൽ നടത്തിയത്.
നാട്ടുകാരനായ സനലും വിഴിഞ്ഞം ഫയർഫോഴ്സിലെ അനീഷും ചേർന്നാണ് മഹാരാജന്റെ മൃതദേഹം പുറത്തെടുത്തത്. 90 അടിയോളം താഴ്ചയുള്ള കിണറില്‍ 20 അടിയിലേറെ മണ്ണ് നിറഞ്ഞ സ്ഥിതിയിലായിരുന്നു.
ഫയർഫോഴ്സ്, പോലീസ്, സ്പെഷൽ ടാസ്ക് ഫോഴ്സ് തുടങ്ങിയവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് ഉണ്ടായിരുന്നു.