പയ്യന്നൂർ: ഏഴിമലയിൽ വീടിന്റെ വരാന്തയിൽ സീലുകൾ പതിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയെന്ന് പ്രദേശവാസികളും വീട്ടുകാരും. ചെരിച്ചിലിലെ കൊയിലേരി സരോജിനിയുടെ വീട്ടു വരാന്തയിലാണ് മൂന്നു സീലുകൾ പതിച്ച നിലയിൽ ഇന്നലെ രാത്രി എട്ടോടെ കണ്ടെത്തിയത്.
ഇംഗ്ലീഷ് അക്ഷരങ്ങളായ എം, എ എന്നീ അക്ഷരങ്ങളാണ് ഒരു സീലിൽ വ്യക്തമായി കാണാൻ പറ്റിയത്.മറ്റൊരു സീലിൽ 2019 എന്നും കാണുന്നു. രാത്രിയിൽ നിലം തുടച്ചു വൃത്തിയാക്കുന്നതിനിടയിലാണ് മുൻവാതിലിനു മുന്നിലുള്ള ടൈലിൽ സീലുകൾ പതിച്ചതായി കണ്ടെത്തിയത്.
രണ്ടരയിഞ്ച് വലിപ്പമുള്ള സീലിന്റെ മറ്റു ഭാഗങ്ങൾ നിലം തുടയ്ക്കുമ്പോൾ മാഞ്ഞു പോയതാണെന്ന് സരോജിനി പറയുന്നു. നേവൽ അക്കാഡമിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിച്ചിരിക്കുന്ന ചെരിച്ചിൽ ഹരിജൻ കോളനിയിലുള്ളതാണ് സീലുകൾ പതിച്ചതായി കണ്ടെത്തിയ വീട്. വീട്ടു വരാന്തയിൽ സീൽ പതിച്ചതായി കണ്ടെത്തിയ സംഭവം സരോജിനി പോലീസിൽ അറിയിച്ചിട്ടുണ്ട്.