കല്‍പ്പറ്റ: കൊറോണ വ്യാപനഭീതിയെത്തുടര്‍ന്നു രൂപപ്പെട്ട പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ഹോട്ടലുകള്‍ പൂട്ടുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 25 ഓളം ഇടത്തരം ഹോട്ടലുകള്‍ പൂട്ടി.
കല്‍പ്പറ്റയില്‍ മാത്രം ആറു ഹോട്ടലുകള്‍ അടച്ചു. ദേശീയപാതയില്‍ ലക്കിടിക്കും വൈത്തിരിക്കും ഇടയില്‍ അഞ്ചു ഹോട്ടലുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.
മാനന്തവാടിയില്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തെ ഭക്ഷണശാലകളില്‍ ചിലതും പൂട്ടി. ന്യൂ, ന്യൂ പാലസ്, കല്പന, ഊട്ടുപുര ഹോട്ടലുകളാണ് കല്‍പ്പറ്റയില്‍ പൂട്ടിയത്. നഗരത്തില്‍ മൂന്നു ഊട്ടുപുര ഹോട്ടലുകളാണ് ഉള്ളത്.
ഹോട്ടലുകളില്‍ കച്ചവടം നാലിലൊന്നായി കുറഞ്ഞു. നാടുകളിലേക്കു മടങ്ങണമെന്ന ശാഠ്യത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍. പതിവുകാരല്ലാത്ത അതിഥികള്‍ക്കു ഭക്ഷണം വിളമ്പുന്നതില്‍ തദ്ദേശീയ തൊഴിലാളികള്‍ക്കും വിമുഖതയാണ്.
ഈ സാഹചര്യത്തിലാണ് ഊട്ടുപുര ഹോട്ടലുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്നു ഉടമയും ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന് ജില്ലാ പ്രസിഡന്റുമായ സാജന് പൊരുന്നിക്കല്‍ പറഞ്ഞു. വനിതകളാണ് ഊട്ടുപുര ഹോട്ടലുകളിലെ ജീവനക്കാര്‍.
ഒരാഴ്ചയിലധികമായി നഗരങ്ങളില്‍ ജനത്തിരക്ക് അനുഭവപ്പെടുന്നില്ല. മറ്റു പ്രദേശങ്ങളില്‍നിന്നു ജില്ലയിലെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇത് ഹോട്ടലുകള്‍ നടത്താന്‍ പറ്റാത്ത സാഹച്യര്യം സൃഷ്ടിച്ചതായി ന്യൂ ഹോട്ടല്‍ ഉടമ നിയാസ് തൈവളപ്പില്‍ പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികളുടെ രക്ഷിതാക്കള്‍ വലിയ ആശങ്കയിലാണെന്നു ന്യൂ പാലസ് ഹോട്ടല്‍ ഉടമ ഇസ്മയില്‍ തൈവളപ്പില്‍ പറഞ്ഞു. ചില തൊഴിലാളികളുടെ മാതാപിതാക്കള്‍ ദിവസം നാലും അഞ്ചും തവണയാണ് ഹോട്ടലിലേക്കു ഫോണ്‍ ചെയ്യുന്നത്.
ചിലര്‍ മക്കളെ കൂട്ടിക്കൊണ്ടുപോകുന്നതിനു ജില്ലയിലേക്കു വരാനും മുതിര്‍ന്നു. കൊറോണ ഭീതി അകലും വരെ നാടുകളില്‍ കഴിയാമെന്ന താത്പര്യമാണ് തൊഴിലാളികള്‍ക്കും. ഈ സഹചര്യത്തില്‍ തൊഴിലാളികള്‍ക്കു അവധി നല്കി ഹോട്ടല്‍ അടയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നു ഇസ്മയില്‍ പറഞ്ഞു.
ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് ജില്ലയിലെ ഹോട്ടല്‍ ജീവനക്കാരില്‍ അധികവും. തൊഴിലാളികളില്‍ നാമമാത്രമാണ് തദ്ദേശീയര്‍. ഇവരും കൊറോണ ഭീതിയിലാണ്.
ഭക്ഷണം കഴിക്കാനെത്തുന്നവരില്‍ കൊറോണ ബാധിതര്‍ ഉണ്ടാകുമെന്ന സംശയമാണ് തൊഴിലാളികള്‍ക്ക്. വാടകക്കെട്ടിടങ്ങളിലാണ് ജില്ലയിലെ മിക്ക ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നത്.
പ്രതിസന്ധി രൂക്ഷമായിട്ടും വാടകയില്‍ ഇളവ് അനുവദിക്കാന്‍ കെട്ടിടം ഉടമകള്‍ തയാറാകുന്നില്ല. വാടക കുറയ്ക്കണമെന്നു ആവശ്യപ്പെടുന്ന ഹോട്ടല്‍ ഉടമകളോടു പരുക്കന്‍ മട്ടിലാണ് കെട്ടിടം ഉടമകളുടെ പെരുമാറ്റം.
കൂടുതല്‍ കച്ചവടം ലഭിച്ച മാസങ്ങളില്‍ ആരും കൂടുതല്‍ വാടക തന്നിട്ടില്ലെന്ന ന്യായവും ചില കെട്ടിടം ഉടമകള്‍ പറയുന്നുണ്ട്. ഹോട്ടലുകള്‍ അടച്ചതോടെ തൊഴില്‍ നഷ്ടമായ തദ്ദേശ തൊഴിലാളി കുടുംബങ്ങള്‍ കടുത്ത പ്രയാസത്തിലാണ്.
അന്നത്തെ വരുമാനംകൊണ്ടു കുടുംബം പോറ്റുന്നവരാണ് തദ്ദേശ തൊഴിലാളികളെല്ലാംതന്നെ. കുടുംബങ്ങള്‍ പട്ടിണിയിലാകുന്നതു ഒഴിവാക്കുന്നതിനു ജില്ലാ ഭരണകൂടം ഇടപെടണമെന്നാണ് ജോലി ഇല്ലാതായ ഹോട്ടല്‍ തൊഴിലാളികളുടെ ആവശ്യം.