പാരീസ്: ലോകത്തെ നടുക്കിയ വാനാക്രൈ എന്ന റാൻസംവേർ ആക്രമണത്തിനിരയായ കംപ്യൂട്ടറുകളിലെ വിവരങ്ങൾ പിഴപ്പണം കൊടുക്കാതെ വീണ്ടെടുക്കാൻ പ്രോഗ്രാം വികസിപ്പിച്ചതായി ഫ്രഞ്ച് വിദഗ്ധർ. വാനാകീ (WannaKey), വാനാകിവി (WannaKivi) എന്നിങ്ങനെ രണ്ടു പ്രോഗ്രാമുകൾ വികസിപ്പിച്ചതായാണ് റിപ്പോർട്ട്. ഡീക്രിപ്റ്റ് ചെയ്യാനുള്ള കോഡ് കംപ്യൂട്ടറിൽനിന്നു വീണ്ടെടുക്കുകയാണു രീതി. എന്നാൽ പ്രോഗ്രാം എല്ലാ കംപ്യൂട്ടറുകളിലും പൂർണ വിജയമായിരിക്കില്ലെന്ന് ഗവേഷകർ വ്യക്തമാക്കി.
റാൻസംവേർ ആക്രമണമുണ്ടായ കംപ്യൂട്ടറുകൾ റീസ്റ്റാർട്ട് ചെയ്തില്ലെങ്കിൽ മാത്രമേ ഈ സംവിധാനം ഉപയോഗിക്കാൻ കഴിയൂ. പ്രത്യേകതരം പ്രൈവറ്റ് കീ ഉപയോഗിച്ചാണ് ഒരു കംപ്യൂട്ടറിലെ ഫയലുകളും ഡേറ്റകളും വാനാക്രൈ ലോക്ക് ചെയ്യുന്നത്.
എൻക്രിപ്ഷനായി കംപ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന കീ അതിനുശേഷം അപ്രത്യക്ഷമാകും. എന്നാൽ കീ അപ്രത്യക്ഷമായാലും അതുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ കംപ്യൂട്ടറിൽ ഉണ്ടാകും. ഇക്കാര്യം പ്രയോജനപ്പെടുത്തി പുതിയതായി വികസിപ്പിച്ച പ്രോഗ്രാമിന്റെ സഹായത്തോടെ കീ കണ്ടെത്തുകയും കംപ്യൂട്ടറുകളിലെ ഫയലുകളും ഡാറ്റയും വീണ്ടെടുക്കുകയുമാണ് ചെയ്യുന്നത്.
ലോകമെങ്ങുമുള്ള മൂന്നു ലക്ഷത്തോളം കംപ്യൂട്ടറുകളിൽ റാൻസംവേർ ആക്രമണം ഉണ്ടായതായാണ് റിപ്പോർട്ടുകൾ. വിൻഡോസ് ഉപയോഗിക്കുന്ന സിസ്റ്റങ്ങളിലാണ് ഈ വൈറസ് ആക്രമണം. അതിനു വഴിതെളിച്ചതു വിൻഡോസിൽ ഉണ്ടായ എംഎസ് 17-010 എന്നൊരു തകരാറാണ്.