മോസ്കോ: റഷ്യൻ മിലിട്ടറി ബ്ലോഗർ ആന്ദ്രേ മോറോസോവ് (44) സ്വയം വെടിവച്ച് ജീവനൊടുക്കി. യുക്രെയ്നിലെ യുദ്ധത്തിനിടെ റഷ്യൻ സൈന്യം നേരിട്ട വൻ നാശത്തെക്കുറിച്ച് അറിയിച്ചതിനെത്തുടർന്ന് മോറോസോവ് വലിയ വിമർശനത്തിനിരയായിരുന്നു. അതേസമയം, മരണത്തിന് ഉത്തരവാദികൾ ക്രെംലിനാണെന്ന് മോറോസോവിനെ പിന്തുണയ്ക്കുന്നവർ കുറ്റപ്പെടുത്തി.
യുക്രെയ്നിൽ സൈനികനായി പ്രവർത്തിച്ചയാളാണ് മോറോസോവ്. ഒക്ടോബറിനു ശേഷം കിഴക്കൻ യുക്രെയ്നിലെ അവ്ദിവ്ക മേഖലയിൽ 16,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് ഈയിടെ മോറോസോവ് വെളിപ്പെടുത്തിയിരുന്നു.
സൈന്യത്തെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് റഷ്യൻ സൈനിക മേധാവികൾ രംഗത്തുവന്നു. പോസ്റ്റ് പിൻവലിക്കണമെന്ന് മോറോസോവിനോട് ആവശ്യപ്പെട്ടിരുന്നു.