റോം: ഗാസയിൽ വെടിനിർത്തലിനും റഷ്യക്കും യുക്രൈയ്നും ഇടയിൽ തടവുകാരുടെ കൈമാറ്റത്തിനും അഭ്യർഥിച്ച് ഫ്രാൻസിസ് മാർപാപ്പ. ഈസ്റ്റർ ദിനത്തിൽ റോമിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന തിരുക്കർമങ്ങൾക്കു മധ്യേ സന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
“സമാധാനം ഒരിക്കലും ആയുധങ്ങൾ കൊണ്ടല്ല, മറിച്ച് നീട്ടിയ കൈകളാലും തുറന്ന ഹൃദയങ്ങളാലുമാണ് ഉണ്ടാക്കപ്പെടുന്നത്. ഈ വർഷം എന്റെ ചിന്തകൾ യുക്രൈയ്നിലെയും ഗാസയിലെയും ആളുകളിലേക്കും യുദ്ധം നേരിടുന്ന എല്ലാവരിലേക്കും പോയി, പ്രത്യേകിച്ച്, എങ്ങനെ പുഞ്ചിരിക്കണമെന്നു മറന്നുപോയ കുട്ടികളിലേക്ക്.
ഒക്ടോബർ 7ന് ഇസ്രയേലിൽനിന്നു പിടികൂടിയ തടവുകാരെ ഉടൻ മോചിപ്പിക്കണം. ഗാസയിൽ ഉടൻ വെടിനിർത്തൽ നടത്തണം. പലസ്തീനിലേക്ക് മനുഷ്യത്വപരമായ പ്രവേശനം വേണം’-മാർപാപ്പ ആവശ്യപ്പെട്ടു.
മാർപാപ്പയുടെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ 30,000ത്തോളം ആളുകൾ പങ്കെടുത്തതായി വത്തിക്കാൻ അറിയിച്ചു.
എട്ടു പേർക്ക് മാമോദീസയും ആദ്യകുർബാനയും മാർപാപ്പ നൽകി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ശ്വാസതടസം ഒഴിവാക്കാൻ ഫ്രാൻസിസ് മാർപാപ്പ ദൈർഘ്യമേറിയ പ്രസംഗങ്ങൾ ഒഴിവാക്കിയിരുന്നു. ഓശാന ഞായറാഴ്ചത്തെ സന്ദേശം നൽകുന്നതിൻനിന്നും ദുഃഖവെള്ളി ദിനത്തിൽ റോമിലെ കൊളോസിയത്തിൽ നടത്താറുള്ള കുരിശിന്റെ വഴിയിൽനിന്നും മാർപാപ്പ വിട്ടുനിന്നിരുന്നു.
ഈസ്റ്റർ ചടങ്ങുകൾക്കായി ആരോഗ്യം സൂക്ഷിക്കുന്നതിനു വേണ്ടിയാണു മാർപാപ്പ വിട്ടുനിന്നതെന്നു വത്തിക്കാൻ അറിയിച്ചിരുന്നു