സൂറിച്ച്: റഷ്യൻ ലോകകപ്പിൽ 64 മത്സരങ്ങളിൽനിന്ന് പിറന്നത് 169 ഗോളുകൾ. അതിൽ ഏറ്റവും മനോഹരം ഏതെന്നുള്ളതിന് ഉത്തരമെത്തി. അർജന്റീനയ്ക്കെതിരായ പ്രീക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനായി ബെഞ്ചമിൻ പവാർ തൊടുത്ത റോക്കറ്റ് ഷോട്ട് ഗോൾതന്നെ ഒന്നാം നന്പർ. ആരാധകർ വോട്ടിംഗിലൂടെയാണ് പവാറിന്റെ ഗോൾ തെരഞ്ഞെടുത്തത്. 1998ൽ ലിലിയെ തുറാം നേടിയശേഷം ഫ്രാൻസിനായി ലോകകപ്പിൽ ഗോൾ നേടുന്ന ആദ്യ പ്രതിരോധ നിരക്കാരൻ എന്ന നേട്ടവും അന്ന് പവാർ സ്വന്തമാക്കിയിരുന്നു.
ആദ്യമായാണ് ഒരു യൂറോപ്യൻ താരം ഈ നേട്ടം സ്വന്തമാക്കുന്നത്. 2006ൽ മാക്സി റോഡ്രിഗസ് (അർജന്റീന), 2010ൽ ഡിയേഗോ ഫോർലാൻ (ഉറുഗ്വെ), 2014ൽ ഹമേഷ് റോഡ്രിഗസ് (കൊളംബിയ) എന്നിവർക്കായിരുന്നു മികച്ച ഗോൾ പുരസ്കാരം.
അർജന്റീനയ്ക്കെതിരായ പ്രീക്വാർട്ടറിൽ ഫ്രാൻസ് 2-1നു പിന്നിൽ. മത്സരത്തിന്റെ 57-ാം മിനിറ്റ്. ഇടതുവിംഗിലൂടെ മുന്നേറിയ ഹെർണാണ്ടസ് നല്കിയ ബാക്ക് ക്രോസ് മത്യൂഡിക്ക് എത്തിപ്പിടിക്കാനായില്ല. ബോക്സിനുള്ളിൽ സഹതാരങ്ങൾക്ക് ലഭിക്കാതിരുന്ന പന്ത് ബോക്സിനു പുറത്തുനിന്ന പവാറിലേക്ക്.
ഒന്നു കുത്തിപ്പൊങ്ങിയെത്തിയ പന്ത് ബോക്സിനു വലതുഭാഗത്ത് തൊട്ടു പുറത്തുനിന്ന പവാറിന്റെ ബൂട്ടിൽനിന്ന് റോക്കറ്റ് കണക്കേ അർജന്റൈൻ ഗോൾ വലയുടെ വലത് മേൽത്തട്ടിൽ. പവാറിന്റെ പവർഷോട്ടിൽ വലയ്ക്കുള്ളിലേക്ക് പന്ത് വളഞ്ഞിറങ്ങുന്ന മനോഹര കാഴ്ച ലോകം അംഗീകരിച്ചു, അതിലും മനോഹമായി ഒരു ഗോൾ റഷ്യയിൽ പിറന്നില്ലെന്ന്.
മികച്ച മൂന്നാമത്തെ ഗോളായി തെരഞ്ഞെടുക്കപ്പെട്ടത് ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയ്ക്കെതിരേ ക്രൊയേഷ്യൻ ക്യാപ്റ്റൻ ലൂക്ക മോഡ്രിച്ച് നേടിയ ഗോൾ. മത്സരത്തിന്റെ 80-ാം മിനിറ്റിലായിരുന്നു അർന്റൈൻ വലയിൽ മോഡ്രിച്ച് പന്ത് നിക്ഷേപിച്ചത്. ബ്രോസോവിച്ചിൽനിന്ന് ലഭിച്ച പന്ത് താന്തിയാഫികോയെ കബളിപ്പിച്ച് ബോക്സിനു പുറത്തുനിന്ന് മോഡ്രിച്ച് മനോഹര ലോംഗ് റേഞ്ചിലൂടെ വലയുടെ വലത് കോണിൽ നിക്ഷേപിക്കുകയായിരുന്നു.
റഷ്യൻ ലോകകപ്പിലെ മികച്ച രണ്ടാമത്തെ ഗോളായി തെരഞ്ഞെടുക്കപ്പെട്ടത് ഗ്രൂപ്പ് എച്ചിൽ ജപ്പാനെതിരേ കൊളംബിയയ്ക്കായി ഹ്വാൻ ഫെർണാണ്ടോ ക്വിന്റെറോ നേടിയ ഫ്രീകിക്ക് ഗോളായിരുന്നു. 1-0നു കൊളംബിയ പിന്നിൽനിൽക്കുന്പോഴായിരുന്നു 39-ാം മിനിറ്റിൽ ക്വിന്റെറോയുടെ ഫ്രീകിക്ക് ഗോളെത്തിയത്. ബുദ്ധിപരമായ ഫ്രീകിക്കായി അതിനെ വിശേഷിപ്പിക്കാം.
ബോക്സിനു പുറത്തുനിന്നുള്ള ഫ്രീകിക്ക് തടയാൻ ജപ്പാൻ ഒരുക്കിയ പ്രതിരോധക്കാർ ഉയർന്നു ചാടിയപ്പോൾ ക്വിന്റെറോ തൊടുത്ത ഗ്രൗണ്ട് ഫ്രീകിക്ക് ജപ്പാൻ ഗോൾവര കടന്നു. ഗോളിനെതിരേ ജപ്പാൻ രംഗത്തെത്തി. അതോടെ ജാപ്പനീസ് ഗോളി പന്ത് പിടിച്ചത് ഗോൾവര കടന്നുകഴിഞ്ഞെന്ന് ഗോൾ ലൈൻ ടെക്നോളജിയിലൂടെ റഫറി വിധിക്കുകയും ചെയ്തു.