ഗാസ സിറ്റി: ഗാസയിലെ അൽഷിഫ ആശുപത്രിക്കു സമീപം ഏറ്റുമുട്ടൽ നടക്കുന്നുണ്ടെങ്കിലും ആശുപത്രിയെ ആക്രമിച്ചിട്ടില്ലെന്ന് ഇസ്രയേൽ അറിയിച്ചു. അൽഷിഫയിലെ ശിശുക്കളെ സുരക്ഷിതമേഖലയിലേക്ക് ഒഴിപ്പിച്ചുമാറ്റാൻ സഹായിക്കുമെന്നും ഇസ്രേലി സേന പറഞ്ഞു.
ഇന്ധനം തീർന്ന് പ്രവർത്തനം നിലച്ച ആശുപത്രിയിൽ വൈദ്യുതിയുടെ അഭാവം മൂലം രണ്ടു നവജാതശിശുക്കൾ മരിച്ചതായി ഡോക്ടർമാർ പറഞ്ഞു. ഒട്ടേറെ ശിശുക്കൾ അപകടനിലയിലാണെന്ന് ആശുപത്രിവൃത്തങ്ങൾ നേരത്തേ അറിയിച്ചിരുന്നു.
ഓപ്പറേഷൻ തിയറ്ററിൽ സൂക്ഷിച്ചിരിക്കുന്ന 20 ശിശുക്കളുടെ ചിത്രം ബിബിസി പുറത്തുവിട്ടു. ശിശുക്കളെ മുതിർന്നവരുടെ ബെഡിൽ നിരത്തിക്കിടത്തിയിരിക്കുകയാണ്. ഇവർക്ക് ഓക്സിജൻ വേണ്ട ഘട്ടമാണെന്നും ആശുപത്രിയിൽ ഓക്സിജൻ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിക്കു താഴെ ഹമാസ് ഭീകരരുടെ ആസ്ഥാനം പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇസ്രേലി സേന അവകാശപ്പെടുന്നത്.
അൽഖുദ്സ് ആശുപത്രിയും നിലച്ചു
ഗാസയിലെ അൽഖുദ്സ് ആശുപത്രിയുടെ പ്രവർത്തനം നിലച്ചതായി പലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു. ഇന്ധനം തീർന്നതോടെവൈദ്യുതി ഉത്പാദനം നിലച്ചതാണ് കാരണം.
വൈദ്യുതി ഇല്ലെങ്കിലും രോഗികൾക്കു ചികിത്സ നല്കാൻ ശ്രമിക്കുന്നുണ്ട്. ഇസ്രേലി സേനയുടെ ആക്രമണം രോഗികൾക്കും ജീവനക്കാർക്കും ആശുപത്രിയിൽ അഭയം തേടിയ ജനങ്ങൾക്കും ഭീഷണി സൃഷ്ടിക്കുന്നു. ആക്രമണമേഖലകളിലേക്ക് ആംബുലൻസ് അയയ്ക്കാൻ ഇസ്രേലി സേന സമ്മതിക്കുന്നില്ലെന്നും റെഡ്ക്രസന്റ് കൂട്ടിച്ചേർത്തു.
അൽഷിഫയുമായി ബന്ധം നിലച്ചു: ലോകാരോഗ്യ സംഘടന
അൽഷിഫ ആശുപത്രിയുമായി ആശയവിനിമയം നിലച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. സംഘടനയ്ക്ക് വിവരങ്ങൾ നല്കിയിരുന്നവരെ ബന്ധപ്പെടാൻ കഴിയുന്നില്ല. ആശുപത്രി ആക്രമിക്കപ്പെടുന്നതായ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഇവർ മേഖലയിൽനിന്ന് പലായനം ചെയ്തിരിക്കാനാണ് സാധ്യത. ഏറ്റുമുട്ടലിനിടെ കുടുങ്ങിപ്പോയ ശിശുക്കൾ അടക്കമുള്ള രോഗികളുടെ കാര്യത്തിൽ അതീവ ഉത്കണ്ഠയുണ്ടെന്നും സംഘടന കൂട്ടിച്ചേർത്തു.
യുഎൻ ഓഫീസിൽ ഷെല്ലാക്രമണം
ഗാസയിലെ തങ്ങളുടെ ഓഫീസുകളിലൊന്ന് ആക്രമിക്കപ്പെട്ടതായി യുഎൻ അറിയിച്ചു. അവിടെ അഭയം തേടിയിരുന്നവർ കൊല്ലപ്പെട്ടതായും ചിലർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ജനങ്ങളെയും തങ്ങളുടെ ഓഫീസുകളെയും ആക്രമിക്കരുതെന്നും യുഎൻ ആവശ്യപ്പെട്ടു.
അൽഷിഫയിൽ വൈദ്യുതി നിലച്ചിട്ടില്ല: ഇസ്രേലി പ്രസിഡന്റ്
ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫയുടെ പ്രവർത്തനം നിലച്ചുവെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് ഇസ്രേലി പ്രസിഡന്റ് ഐസക് ഹെർസോഗ്. ഹമാസ് ഭീകരർ പലകാര്യങ്ങളും വളച്ചൊടിക്കുകയാണ്. അൽഷിഫയിൽ വൈദ്യുതിയുണ്ട്. അവിടെ എല്ലാം പ്രവർത്തിക്കുന്നുണ്ടെന്ന് ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഇന്ധനം തീർന്നതുമൂലം വൈദ്യുതിയില്ലാതെ ആശുപത്രി നിലച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം ആശുപത്രി നേരിടുന്നതായും പറയുന്നു. എന്നാൽ, ആശുപത്രി മാനേജർമാരുമായി ഇസ്രേലി സേന സംസാരിക്കുന്നുണ്ടെന്ന് ഹെർസോഗ് വ്യക്തമാക്കി.
ആശുപത്രിക്കു താഴെ ഹമാസിന്റെ ഭൂഗർഭ ഹെഡ്ക്വാട്ടേഴ്സ് സ്ഥിതിചെയ്യുന്നുണ്ട്. ഹമാസാണ് ആശുപത്രിയിൽ ബോംബിട്ടതെന്നും അദ്ദേഹം ആരോപിച്ചു.
അൽഷിഫയിൽനിന്ന് ഒഴിഞ്ഞു പോകാൻ സുരക്ഷിതപാത
അൽഷിഫ ആശുപത്രിയിൽനിന്ന് ഒഴിഞ്ഞുപോകാൻ സുരക്ഷിത പാത ഒരുക്കിയതായി ഇസ്രേലി സേന അറിയിച്ചു. ഗാസയിലെ പ്രധാനപാതയായ സലാ അൽദിൻ റോഡിലേക്കെത്താനുള്ള വഴിയാണ് ഒരുക്കിയിരിക്കുന്നത്. വടക്കൻ ഗാസയിലുള്ളവർ തെക്കോട്ട് ഒഴിയുന്നത് ഈ റോഡ് വഴിയാണ്. ആശുപത്രി അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും ആശുപത്രിക്കു നേർക്ക് ആക്രമണം നടത്തുന്നില്ലെന്നും ഇസ്രേലി സേന ആവർത്തിച്ചു.