ടെൽ അവീവ്: ഹമാസുമായുള്ള ഏറ്റുമുട്ടലിനിടെ കുടുങ്ങിയ ഗാസാ നിവാസികളെ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ഇസ്രയേൽ ചെയ്യണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആവശ്യപ്പെട്ടു. എന്നാൽ, ബന്ദികളെ മോചിപ്പിക്കാതെ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
ഇസ്രയേലിനു സ്വയംപ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും അമേരിക്ക ഒപ്പമുണ്ടെന്നും ടെൽ അവീവിൽ നെതന്യാഹു അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയ ബ്ലിങ്കൻ ഉറപ്പു നല്കി. എന്നാൽ താത്കാലിക വെടിനിർത്തലിനുള്ള സാധ്യത നെതന്യാഹു തള്ളിക്കളഞ്ഞു. ബന്ദികളെ മോചിപ്പിക്കുന്നതുവരെ സൈനിക നടപടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധമാരംഭിച്ചശേഷം ഇതു മൂന്നാം വട്ടമാണു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇസ്രയേലിൽ എത്തുന്നത്. ഗാസാ നിവാസികൾ നേരിടുന്ന ദുരന്തത്തിൽ അന്താരാഷ്ട്ര സമൂഹം കടുത്ത ആശങ്ക പ്രകടിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ സന്ദർശനം. ബന്ദികളുടെ മോചനത്തിനായി യുദ്ധം നിർത്തിവയ്ക്കേണ്ടതിന്റെ ആവശ്യകത യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൂണ്ടിക്കാട്ടിയിരുന്നു.
ഇനിയൊരു ‘ഒക്ടോബർ ഏഴ്’ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാനുള്ള അവകാശം ഇസ്രയേലിനുണ്ടെന്നു ബ്ലിങ്കൻ വ്യക്തമാക്കി. സ്വയംപ്രതിരോധം ഇസ്രയേലിന്റെ അവകാശം മാത്രമല്ല ചുമതലകൂടിയാണ്.
എന്നാൽ, യുദ്ധത്തിനിടെ പെട്ടുപോയ ജനങ്ങളുടെ സംരക്ഷണത്തിനു വേണ്ടതെല്ലാം ചെയ്യണം. സഹായം അത്യാവശ്യമായവർക്ക് അതെത്തിച്ചുകൊടുക്കണമെന്നു ബ്ലിങ്കൻ നിർദേശിച്ചു.
പ്രസിഡന്റ് ഹെർസോഗുമായും യുദ്ധകാല മന്ത്രിസഭയുമായും ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തി. ഇസ്രയേലിൽനിന്ന് അദ്ദേഹം ജോർദാൻ തലസ്ഥാനമായ അമ്മാനിലേക്കാണു പോയത്.