തിരുവനന്തപുരം: ലഹരികടത്ത് കേസിൽ പാർട്ടി നേതാവിനെ മന്ത്രി സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ. മാത്യു കുഴൽനാടനാണ് ഈ ആരോപണം ഉന്നയിച്ചത്.
മയക്കുമരുന്ന് ലഹരി സംഘങ്ങളെ സംരക്ഷിക്കാൻ ഒരു പാർട്ടി തയാറായാൽ കേരളം ഇല്ലാതായിപ്പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാത്യുവിന്റെ പരാമർശങ്ങൾക്കെതിരെ ഭരണപക്ഷം രംഗത്ത് വന്നതോടെ നിയമസഭയിൽ ബഹളം ആരംഭിച്ചു. ലഹരികടത്ത് കേസിൽ ഷാനവാസിനെ പ്രതിയാക്കിയെ പറ്റുവെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
അടിയന്തിര പ്രമേയമായി മാത്യു കുഴൽ നാടനാണ് വിഷയം സഭയിൽ ഉന്നയിച്ചത്.മാത്യുവിന്റെ പരാമർശങ്ങളിൽ മുഖ്യമന്ത്രി ക്ഷുഭിതനായി. സിപിഎമ്മിനെക്കുറിച്ച് എന്ത് അസംബന്ധവും പറയാമെന്ന മാത്യു കുഴൽനാടന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്നും എന്തിനും അതിര് വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിന്റെ നിലപാടാണോ മാത്യു പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. അതേസമയം മാത്യുവിന്റെ പരാമർശങ്ങൾ തികഞ്ഞ ഉത്തരവാദിത്വത്തോടെയുള്ളതാണെന്നും ഈ വിഷയം സഭയിൽ ഉന്നയിക്കാൻ ചുമതലപ്പെടുത്തിയത് താനാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കിയിരുന്നു.
മാത്യു കുഴൽ നാടനെ പ്രശംസിക്കുന്നതായും വി.ഡി.സതീശൻ പറഞ്ഞു.