മുംബൈ: ഇന്ത്യ-പാക് സംഘർഷത്തെത്തുടർന്ന് ഓഹരിവിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 240 പോയിന്റും നിഫ്റ്റി 45 പോയിന്റും താഴ്ന്നു.
പാക്കിസ്ഥാനിലെ ഭീകരരുടെ ക്യാന്പുകളിൽ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയതാണ് നിക്ഷേപകരെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. കൂടാതെ ഏഷ്യൻ മാർക്കറ്റുകൾ തുടക്കത്തിൽത്തന്നെ താഴേക്കായിരുന്നതും ഇന്ത്യൻ കമ്പോളങ്ങളെ ബാധിച്ചു.
35,714.16 വരെ താഴ്ന്നശേഷം നില മെച്ചപ്പെടുത്തിയാണ് ബോംബെ ഓഹരിസൂചിക സെൻസെക്സ് 239.67 പോയിന്റ് നഷ്ടത്തിൽ 35,973.71ൽ ക്ലോസ് ചെയ്തത്. നിഫ്റ്റി 44.80 പോയിന്റ് നഷ്ടത്തിൽ 10,835.30ൽ ക്ലോസ് ചെയ്തു.
ബാങ്കിംഗ് മേഖലയെയാണ് ഇടിവ് ഏറെ ബാധിച്ചത്. റിയൽറ്റി, പിഎസ്യു ഓഹരികളും താഴ്ന്നു.
അതേസമയം, ഇന്ത്യൻ കറൻസിയുടെ നിലയും പരുങ്ങലിലായിരുന്നു. രാവിലെ ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ കറൻസി 38 പൈസ തഴ്ന്ന് 71.35ലെത്തിയിരുന്നു. പിന്നീട് 70.97ൽ ക്ലോസ് ചെയ്തു. തലേന്നത്തെ അപേക്ഷിച്ച് ഒന്പത് പൈസ നഷ്ടം.