മുംബൈ: ഗൾഫ് മേഖലയിലെ യുദ്ധഭീതി ഇന്ത്യൻ കന്പോളങ്ങളിൽ കരിനിഴലായി. ബോംബെ സെൻസെക്സ് വ്യാഴാഴ്ചത്തെ മികച്ച മുന്നേറ്റം നഷ്ടപ്പെടുത്തി ഇന്നലെ 407.14 പോയിന്റ് ഇടിഞ്ഞു. വ്യാപാരം ക്ലോസ് ചെയ്തത് 1.03 നഷ്ടത്തോടെ 39,194.49ലാണ്. ഒരുവേള സെൻസെക്സ് 39,121.30 വരെ താഴുകയും 39,617.95 വരെ ഉയരുകയും ചെയ്തതാണ്. നിഫ്റ്റിയാകട്ടെ 107.65 പോയിന്റ് താഴ്ന്ന് 11,724.10ൽ ക്ലോസ് ചെയ്തു.
സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടം വന്നത് യെസ് ബാങ്കിനാണ്. യെസ് ബാങ്കിന്റെ ഓഹരികൾ 4.36 ശതമാനം വരെ താഴ്ന്നു. കൂടാതെ മാരുതി സുസുകി, എച്ച്ഡിഎഫ്സി, ഹീറോ മോട്ടോകോർപ്, സൺ ഫാർമ, എച്ച്യുഎൽ, കോട്ടക് ബാങ്ക്, കോൾ ഇന്ത്യ, ആർഐഎൽ, ടിസിഎസ്, ഭാരതി എയർടെൽ തുടങ്ങിയ കന്പനികളുടെ ഓഹരികൾ 3.39 ശതമാനം വരെ താഴ്ന്നു.
അതേസമയം, എസ്ബിഐ, ഇൻഡസ്ഇൻഡ് ബാങ്ക്, വേദാന്ത, എടിപിസി, എം ആൻഡ് എം, ആക്സിസ് ബാങ്ക് എന്നിവ നേട്ടം കൊയ്തു. അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്നങ്ങൾ വീണ്ടും വഷളായ സാഹചര്യത്തിൽ യുദ്ധസാധ്യത മുന്നിൽക്കണ്ടാണ് നിക്ഷേപകർ വിൽപ്പനക്കാരായത്.
ക്രൂഡ് വില ഇന്നലെയും കയറി. ബ്രന്റ് ഇനം ക്രൂഡ് വില ബാരലിന് 0.51 ശതമാനം വർധിച്ച് 64.78 ഡോളറായി. ഡോളറുമായുള്ള വിനമയത്തിൽ രൂപ 11 പൈസ താണ് 69.55ലെത്തി.