ടെൽ അവീവ്: ഹമാസിന്റെ പരമോന്നത നേതാവായ ഇസ്മയിൽ ഹനിയയുടെ ഗാസയിലെ വസതിയിൽ ഇസ്രേലി വ്യോമസേന ആക്രമണം നടത്തി. കൂടിയാലോചനാ കേന്ദ്രമായിട്ടാണു വസതി ഉപയോഗിച്ചിരുന്നതെന്ന് ഇസ്രേലി സേന പറഞ്ഞു. ഹനിയ ഏഴു വർഷമായി ഖത്തറിലാണ് താമസിക്കുന്നത്.
ഇതിനിടെ, ഖാൻ യൂനിസ് നിവാസികൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രേലി സേന ആവശ്യപ്പെട്ടത്, തെക്കൻ ഗാസയിലും കരയാക്രമണം തുടങ്ങാൻ പോകുന്നതിന്റെ സൂചനയാണെന്നു കരുതുന്നു. ബാനി സുഹെയ്ല, ഖുസാ, അബാസാൻ, ഖരാര പട്ടണങ്ങളിലുള്ളവർ സുരക്ഷയ്ക്കായി അഭയകേന്ദ്രങ്ങളിലേക്കു മാറണമെന്ന് ആവശ്യപ്പെടുന്ന ലഘുലേഖകൾ വിമാനത്തിൽനിന്നു വിതറുകയായിരുന്നു.
വടക്കൻ ഗാസയിൽ കരയാക്രമണം തുടങ്ങുന്നതിനു മുന്പും ഇത്തരം ലഘുലേഖകൾ വിതറിയിരുന്നു. ഇന്നലെ ഖാൻ യൂനിസിലെ വീടുകൾക്കു നേർക്ക് ഇസ്രേലി സേന ആക്രമണം നടത്തിയതായി ഹമാസ് ആരോപിച്ചു.
വടക്കൻ ഗാസയിൽനിന്നു പലായനം ചെയ്തവർ എത്തിയതോടെ ഖാൻ യൂനിസിലെ ജനസംഖ്യ നാലു ലക്ഷത്തിൽനിന്ന് പത്തുലക്ഷത്തിലധികമായിട്ടുണ്ട്.
അൽ ഷിഫയിൽ തെരച്ചിൽ തുടരുന്നു
വടക്കൻ ഗാസയിലെ അൽ ഷിഫ ആശുപത്രി പിടിച്ചെടുത്ത ഇസ്രേലി സേന ഇന്നലെയും അവിടെ തെരച്ചിൽ നടത്തി. കഴിഞ്ഞ രാത്രി അൽ ഷിഫ പരിസരത്ത് ഒട്ടേറെ തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ചതായി സേന അറിയിച്ചു. ആശുപത്രി പരിസരത്ത് ഇസ്രേലി സേനയുമായി രൂക്ഷ ഏറ്റുമുട്ടൽ നടക്കുന്നതായി പലസ്തീൻ ജിഹാദ് തീവ്രവാദികളും സ്ഥിരീകരിച്ചു.
ആശുപത്രിയിൽ എകെ തോക്കുകൾ
അൽ ഷിഫ ആശുപത്രിയിലെ തെരച്ചിലിൽ കണ്ടെത്തിയ തോക്കുകളുടെയും മറ്റ് ആയുധങ്ങളുടെയും വീഡിയോ, ഫോട്ടോ ദൃശ്യങ്ങൾ ഇസ്രേലി സേന പുറത്തുവിട്ടു. എംആർഐ സ്കാനറിനു പുറകിൽ ഒളിപ്പിച്ച എകെ-47 തോക്കുകൾ കണ്ടെടുത്തതായി വീഡിയോയിലുള്ള ഇസ്രേലി സേനാ വക്താവ് ജൊനാഥൻ കോൺറിക്കസ് പറഞ്ഞു.
ഒരു പൊട്ടാത്ത ഗ്രനേഡ്, സൈനികർ ധരിക്കുന്ന പുറംചട്ട, ലാപ്ടോപ് എന്നിവ അദ്ദേഹം കാണിച്ചുതന്നു. 15 തോക്കുകളാണ് ആകെ കണ്ടെത്തിയത്. ലാപ്ടോപ്പിൽ ബന്ദികളുടെ ചിത്രങ്ങളുണ്ടെന്നു പറഞ്ഞു.
ബിബിസിയുടേതടക്കമുള്ള മാധ്യമപ്രവർത്തകരെ ആശുപത്രിയുടെ കുറച്ചു ഭാഗം നോക്കിക്കാണാൻ ഇസ്രേലി സേന അനുവദിച്ചു.
അൽ ഷിഫ ആശുപത്രിക്കു കീഴെ ഹമാസിന്റെ കമാൻഡ് സെന്റർ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇസ്രേലി സേന അവകാശപ്പെടുന്നത്. അതേസമയം, കമാൻഡ് സെന്റർ പ്രവർത്തിക്കുന്നിടത്തുനിന്ന് ഇത്ര കുറച്ച് ആയുധങ്ങൾ കണ്ടെത്തിയതു ചോദ്യമുയർത്തുന്നുണ്ട്. ഇസ്രേലി സേന ആയുധങ്ങൾ ആശുപത്രിയിൽ കൊണ്ടുവച്ചതാകാമെന്നു ഹമാസ് ആരോപിച്ചു.
യുഎൻ പ്രമേയം
ന്യൂയോർക്ക്: ഗാസയിൽ മാനുഷികസഹായം എത്തിക്കുന്നതിന് യുദ്ധം നിർത്തിവയ്ക്കണമെന്നും ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളെ ഉപാധികളില്ലാതെ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യുഎൻ രക്ഷാസമിതി പ്രമേയം പാസാക്കി.
15 അംഗ സമിതിയിൽ മാൾട്ട അവതരിപ്പിച്ച പ്രമേയത്തെ 12 പേർ പിന്താങ്ങി. യുഎസ്, ബ്രിട്ടൻ, റഷ്യ എന്നിവർ വിട്ടുനിന്നു. യാഥാർഥ്യം ഉൾക്കൊള്ളാത്ത പ്രമേയത്തെ തള്ളിക്കളയുന്നതായി ഇസ്രയേലിന്റെ യുഎൻ അംബാസഡർ ഗിലാദ് എർദാൻ പ്രതികരിച്ചു.
ജറൂസലെമിൽ ആക്രമണം
ജറൂസലെം: ജറൂസലെമിനു സമീപം ഇസ്രേലി ചെക് പോസ്റ്റിനു നേർക്കുണ്ടായ ആക്രമണത്തിൽ ആറു പേർക്കു പരിക്കേറ്റു. ആക്രമണം നടത്തിയ മൂന്നു പലസ്തീനികളെ വധിച്ചതായി ഇസ്രേലി സേന അറിയിച്ചു.
വെസ്റ്റ്ബാങ്കിലെ ഹെബ്രോൺ സ്വദേശികളാണ് ഇവർ. തോക്കുകൾ, വെടിയുണ്ടകൾ, ഇസ്രേലി പട്ടാളത്തിന്റേതിനു സമാനമായ വസ്ത്രങ്ങൾ എന്നിവ ഇവരുടെ കാറിൽനിന്നു കണ്ടെടുത്തു.
ഹമാസ്-ഇസ്രയേൽ സംഘർഷം ആരംഭിച്ചശേഷം വെസ്റ്റ്ബാങ്കിൽ 46 കുട്ടികൾ അടക്കം 182 പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.