അടൂര്‍: മുണ്ടുടുക്കുന്ന പുരുഷന്മാര് അണ്ടര്‍വെയര്‍ ധരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം അഥവാ മുണ്ടഴിഞ്ഞു പോയാലും അണ്ടര്‍വെയര്‍ മാനം രക്ഷിക്കും. ഇതു മാത്രമല്ല വേറെയുമുണ്ട് പ്രശ്നങ്ങള്‍. അത്തരത്തിലൊരു പ്രശ്നത്തിലാണ് ഇന്നലെ ഏഴംകുളം സ്വദേശിയായ യുവാവ് ചെന്നു പെട്ടത്. ഇന്നലെ നട്ടുച്ചയ്ക്ക് അടൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട കൊന്നമണ്‍കര റസിഡന്‍സ് അസോസിയേഷന് പ്രദേശത്താണ് സംഭവം നടന്നത്. റോഡിലൂടെ നടന്നുപോകുകയായിരുന്നയുവാവ് മുണ്ടുയര്‍ത്തി മുഖത്തെ വിയര്‍പ്പുതുടച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമാവുന്നത്.
സെന്റ് മേരീസ് ഗേള്‍സ് സ്കൂള്‍ പരിസരത്തുവച്ചായിരുന്നു സംഭവം. എതിരെ രണ്ടു പെണ്‍കുട്ടികള്‍ നടന്നുവരുന്നത് ഇയാള്‍ ശ്രദ്ധിച്ചിരുന്നില്ലെന്ന് പറയുന്നു. പക്ഷേ ഇയാള്‍ മുണ്ടുപൊക്കി മുഖം തുടച്ചപ്പോള്‍ സ്വകാര്യഭാഗങ്ങള്‍ ദൃശ്യമായി. തുടര്‍ന്ന് പെണ്‍കുട്ടികള്‍ സമീപത്തുള്ളവരോട് വിവരം പറഞ്ഞു. പൊടുന്നനെ ആളുകൂടി മുപ്പതു വയസ്സോളം പ്രായംവരുന്ന യുവാവിനെ തടഞ്ഞു നിര്‍ത്തി. നാട്ടുകാര്‍ വളഞ്ഞ് ചോദ്യംചെയ്തപ്പോള്‍ യുവാവ് സത്യാവസ്ഥ പറഞ്ഞു. അണ്ടര്‍വെയര്‍ ധരിക്കാത്തതിനാല്‍ ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. നാട്ടുകാര്‍ ശരിക്കും കൈകാര്യംചെയ്തശേഷമാണ് പൊലീസിനെ വിളിച്ചുവരുത്തിയത്.
പതിനാറും പതിനേഴും വയസുള്ള പെണ്‍കുട്ടികളായിരുന്നു ഇയാളുടെ എതിരേ നടന്നു വന്നത്. ഇവര്‍ പരാതി നല്കിയില്ലെങ്കിലും റസിഡന്‍സ് അസോസിയേഷന് വിളിച്ചുവരുത്തിയതിനെ തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. മുന്‍ മന്ത്രി അടൂര്‍ പ്രകാശ്, സമീപത്തെ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ തുടങ്ങി പ്രമാണിമാര്‍ താമസിക്കുന്ന റസിഡന്റ്സ് അസോസിയേഷന് പരിധിയിലാണ് സംഭവം നടന്നത് എന്നതിനാല്‍ പൊലീസ് ഗൗരവത്തോടെ തന്നെയാണ് ഇടപെട്ടത്.പെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും ഇയാള്‍ ഞരമ്പുരോഗിയാണെന്നും നാട്ടുകാര്‍ പറഞ്ഞതോടെ പൊലീസ് കസ്റ്റഡിയിലെടുത്ത് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ചൂടുകാരണം ആണ് അണ്ടര്‍വെയര്‍ ധരിക്കാതിരുന്നതെന്നും മറ്റു ദുരുദ്ദേശമൊന്നും ഇയാള്‍ക്ക് ഇല്ലായിരുന്നെന്നും ചോദ്യംചെയ്യലില്‍ വ്യക്തമായതോടെ പൊലീസ് ഇയാളെ വെറുതെ വിട്ടുവെന്നാണ് സൂചന.
എന്നാല്‍ വിയര്‍പ്പു തുടയ്ക്കാന്‍ മുണ്ടുയര്ത്തിയതോടെ സ്വകാര്യഭാഗങ്ങള്‍ എതിരേ വന്ന പെണ്‍കുട്ടികള്‍ കാണുകയായിരുന്നു. പേടിച്ചു പോയ പെണ്‍കുട്ടികള്‍ വിചാരിച്ചത് ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തിതാണെന്നാണ്. സോഷ്യല്‍ മീഡിയയില്‍ പല വിഷയങ്ങളിലും പ്രതികരിക്കാറുള്ള ജയന്ത് മാമ്മന്‍ ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെയും ചര്‍ച്ചാവിഷയം ആക്കിയിരിക്കുകയാണ് ഇപ്പോള്‍. എന്റെ പുരുഷ സുഹൃത്തുക്കള്‍ കഴിവതും അണ്ടര്‍വെയര്‍ ധരിക്കുക. നിങ്ങളുടെ ആരോഗ്യത്തിന് അത് നല്ലതാണ് എന്നാണ് ജയന്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.