ചെന്നായ… പേരു കേള്‍ക്കുമ്പോള്‍ തന്നെ ഉള്ളില്‍ വല്ലാത്തൊരു ആധിയാണ് മനുഷ്യര്‍ക്ക്. അപ്പോള്‍ പിന്നെ ചെന്നായക്കൂട്ടങ്ങളുടെ ഇടയിലെങ്ങാനും പെട്ടുപോയാലോ. പറയുകയും വേണ്ട. ഇവ കൂട്ടത്തോടെ മനുഷ്യരെ ആക്രമിക്കും. ഇവറ്റകളുടെ ആക്രമണം ഏറ്റാല്‍ ജീവന് പോയതു തന്നെ.
എന്നാല്‍ അപകടകാരിയായ ചെന്നായക്കൂട്ടങ്ങളുടെ സ്നേഹം അടുത്തിടെ ഒരു യുവതി ഏറ്റുവാങ്ങിയ കഥയാണ് ഇനി പറയാന്‍ പോകുന്നത്. സുശാന്ത നന്ദ ഐഎഫ്എസ് പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് യുവതിയും ചെന്നായക്കൂട്ടങ്ങളും തമ്മിലുള്ള അസുലഭ സന്ദര്‍ഭം ഉള്ളത്. സംഭവം നോര്‍വെയിലാണ്.
യുവതിയുടെ പേര് അനിത. ഈ അനിതയ്ക്ക് ചെന്നായകളെ പരിപാലിക്കുന്ന ജോലിയായിരുന്നു മുമ്പ്. പിന്നെ കുറേക്കാലം ചെന്നായകളുമായി സഹവാസം ഇല്ലാതെ അവറ്റകളുാമയി മാറി നില്‍ക്കേണ്ടി വന്നു.
അങ്ങനെ ഒരു ദിവസം ചെന്നായകളെ കാണാന്‍ അനിത എത്തി. മാസങ്ങള്‍ കഴിഞ്ഞെങ്കിലും അനിതയുടെ മണം കിട്ടിയതോടെ ചെന്നായക്കൂട്ടങ്ങള്‍ വരിവരിയായി ഓടി വന്നു. മഞ്ഞുമൂടിയ തറയില്‍ ഇരിക്കുകയായിരുന്നു അനിത.
ചെന്നായക്കൂട്ടങ്ങള്‍ ഓടി വരുന്നത് ലൈവായി കണ്ടാല്‍ അനിതയുടെ കാര്യം തീര്‍ന്നുവെന്നേ പുറമേനിന്ന് നോക്കുന്നവര്‍ക്ക് തോന്നൂ. പക്ഷേ സംഗതി മറിച്ചായിരുന്നു.
ഓടിയെത്തിയ ചെന്നായക്കൂട്ടങ്ങള്‍ അനിതയുടെ മുഖത്തും കഴുത്തിലുമെല്ലാം നക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ചെന്നായക്കൂട്ടങ്ങള്‍ മിനിറ്റുകളോളം അനിതയെ തഴുകി തലോടി. അവറ്റകളുടെ സ്നേഹം ഒന്നു കാണേണ്ടതു തന്നെ ആയിരുന്നു.
ഇതു കണ്ടാല്‍ മലയാളിക്ക് ഒരു പഴഞ്ചൊല്ല് ഓര്മ വരും. കൊടുത്താല്‍ കൊല്ലത്തും കിട്ടും. അതേ സ്നേഹം കൊടുത്താല്‍ സ്നേഹം തിരിച്ചുകിട്ടും. പ്രത്യേകിച്ച് മൃഗങ്ങളുടെ കാര്യത്തില്‍. മനുഷ്യരുടെ കാര്യത്തില്‍ ഇത് എത്രത്തോളം ശരിയെന്ന് കണ്ടറിയണം.