ആന്റിഗ്വ: ഓസ്ട്രേലിയ ക്രിക്കറ്റിനു നൽകിയ ഏറ്റവും മികച്ച ആക്രമണകാരിയായ ബാറ്റർമാരിൽ ഒരാളായ ഡേവിഡ് വാർണർ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നു വിരമിച്ചു.
ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയ സെമി ഫൈനൽ കാണാതെ പുറത്തായതിനു പിന്നാലെയാണ് മുപ്പത്തിയേഴുകാരനായ ഓപ്പണിംഗ് ബാറ്റർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിക്കൽ അറിയിച്ചത്.
2023 ഏകദിന ലോകകപ്പ് ഫൈനലാണ് വാർണറുടെ അവസാന ഏകദിനം. ഈ വർഷം ആദ്യ പാക്കിസ്ഥാനെതിരേ നടന്ന ടെസ്റ്റിലാണ് അവസാനമായി കളിച്ചത്.
110 അന്താരാഷ്ട്ര ട്വന്റി 20യിൽനിന്ന് 3277 റണ്‍സ് നേടിയിട്ടുണ്ട്. പാക്കിസ്ഥാനെതിരേ നേടിയ 100 റണ്‍സാണ് ഉയർന്ന സ്കോർ. 112 ടെസറ്റിൽനിന്ന് 26 സെഞ്ചുറിയും 37 അർധ സെഞ്ചുറിയും ഉൾപ്പെടെ 8786 റണ്‍സ് നേടി. പുറത്താകാതെ നേടിയ 335 റണ്‍സാണ് ഉയർന്ന സ്കോർ.
161 ഏകദിനങ്ങളിൽനിന്നായി 22 സെഞ്ചുറിയും 33 അർധ സെഞ്ചുറിയും സഹിതം 6932 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്.