കാൻബെറ: ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണർമാരിൽ മുൻപന്തിയിലുള്ള താരമാണ് ഓസ്ട്രേലിയയുടെ ഡേവിഡ് വാർണർ. പാക്കിസ്ഥാനെതിരേ ഈ മാസം 14 മുതൽ ആരംഭിക്കുന്ന മൂന്ന് മത്സര ടെസ്റ്റ് പരന്പരയോടെ വാർണർ ചുവന്ന പന്ത് ക്രിക്കറ്റിൽനിന്ന് വിരമിക്കും.
ജനുവരി മൂന്ന് മുതൽ ഏഴ് വരെ സിഡ്നിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റായിരിക്കും വാർണറിന്റെ അവസാന മത്സരം. പെർത്തിൽ 14ന് ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിനുള്ള 14 അംഗ ഓസീസ് ടീമിൽ വാർണറിനൊപ്പം മിച്ചൽ മാർഷും കാമറൂണ്‍ ഗ്രീനും ഇടംനേടി.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വാർണറിന് എന്തിനാണ് യാത്രയയപ്പ് മത്സരം നൽകുന്നതെന്ന ചോദ്യം ഉയർന്നുകഴിഞ്ഞു.
വാർണറിന്റെ മുൻ സഹതാരമായ ഓസീസ് പേസർ മിച്ചൽ ജോണ്‍സണാണ് ഇക്കാര്യം ഉന്നയിച്ചത്. ഫോമിൽ അല്ലാത്ത വാർണറിനെ എന്തിനാണ് സെന്റ് ഓഫ് എന്ന പേരിൽ ടീമിൽ എടുത്തിരിക്കുന്നത് എന്നാണ് ജോണ്‍സണിന്റെ ചോദ്യം.
ഓസ്ട്രേലിയൻ ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത ഏടായ വിവാദത്തിൽ പങ്കാളിയായ ഒരു താരത്തിന് ഹീറോ പരിവേഷത്തോടെ യാത്രയയപ്പ് നൽകേണ്ടതുണ്ടോയെന്നും ജോണ്സണ് തന്റെ കോളത്തിൽ ചോദിച്ചു.
2018ൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ പന്ത് സാൻഡ്പേപ്പർ ഉപയോഗിച്ച് ചുരണ്ടിയ വിവാദം ഉന്നയിച്ചാണ് ജോണ്‍സണിന്റെ ഈ ചോദ്യം ചെയ്യൽ. പന്ത് ചുരണ്ടൽ വിവാദത്തിലകപ്പെട്ട വാർണറിന് ഓസീസ് ഉപനായ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. അതോടൊപ്പം ഒരു വർഷം വിലക്കും ലഭിച്ചു.