അഡ്ലെയ്ഡ്: സ്വന്തം നാട്ടില്‍ നടക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് 12 മാസം കൂടി ശേഷിക്കേ അതിനുള്ള തയാറെടുപ്പുകള്‍ക്ക് ഓസ്ട്രേലിയ മികച്ച തുടക്കമിട്ടു. ഡേവിഡ് വാര്‍ണറുടെ സെഞ്ചുറി മികവില്‍ ലോകകപ്പിനുള്ള ഒരുക്കമെന്ന നിലയിലെ ശ്രീലങ്കയ്ക്കെതിരേയുള്ള മൂന്നു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് 134 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.
പാക്കിസ്ഥാനെതിരേയുള്ള മൂന്നു മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയില്‍ സമ്പൂര്‍ണജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ലങ്കന്‍ ടീം ഓസ്ട്രേലിയയിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അടിച്ചെടുത്തത് 233 റണ്‍സ്. 33-ാം ജന്മദിനം രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ ട്വന്റി20 സെഞ്ചുറിയുമായി ആഘോഷിച്ച ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്റെ പ്രകടനമാണ് ഓസീസ് ഇന്നിംഗ്സിന്റെ ഹൈലൈറ്റ്. വാര്‍ണറാണ് മാന്‍ ഓഫ് ദ മാച്ച്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്, ഗ്ലെന്‍ മാക്സ്വെല് എന്നിവര്‍ അര്‍ധസെഞ്ചുറി നേടി.
മറുപടി ബാറ്റിംഗില്‍ കൂട്ടത്തോടെ തകര്‍ന്നടിഞ്ഞ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറില്‍ നേടാനായത് 9 വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് മാത്രം. ഇതോടെ ഓസ്ട്രേലിയ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുന്നിലെത്തി.
മത്സരത്തിലാകെ നാല് ഓവറില്‍ 75 റണ്‍സ് വഴങ്ങിയ ലങ്കയുടെ കസൂണ്‍ രജിതയ്ക്ക് ട്വന്റി20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളറെന്ന നാണക്കേടും സ്വന്തം. ഇതിനു മുമ്പ് തുര്‍ക്കിയുടെ ടുനഹാന് ടുറാന്റെ പേരിലായിരുന്നു റണ്‍സ് വഴങ്ങിയതിന്റെ നാണംകെട്ട റിക്കാര്‍ഡ്. ചെക്ക് റിപ്പബ്ലിക്കിനെതിരേ 70 റണ്‍സാണ് ടുറാന് വഴങ്ങിയത്.
70 രാജ്യാന്തര ട്വന്റികള്‍ കളിച്ച വാര്‍ണര്‍ 71–ാം മത്സരത്തില്‍ ആദ്യ സെഞ്ചുറി നേടി. ഓസീസ് ഇന്നിംഗ്സിലെ അവസാന പന്തില്‍ സിംഗിള്‍ നേടിയാണ് വാര്‍ണര്‍ കരിയറില ആദ്യ ട്വന്റി 20 സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഒരു വര്‍ഷത്തെ വിലക്കിനുശേഷം വാര്‍ണറുടെ ആദ്യ അന്താരാഷ്ട്ര ട്വന്റി 20 മത്സരമായിരുന്നു. 56 പന്തില്‍ 10 ഫോറും നാലു സിക്സും ചേര്‍ന്നതാണ് അഡ്ലെയ്ഡില് വാര്‍ണര്‍ സെഞ്ചുറി നേട്ടം കൈവരിച്ചത്.
ഇക്കഴിഞ്ഞ ആഷസ് പരമ്പരയില്‍ ഫോമിലെത്താനാവാതെ പോയ വാര്‍ണർക്ക് ആ പരമ്പരയ്ക്കു ശേഷമുള്ള ആദ്യ രാജ്യാന്തര മത്സരത്തില്‍തന്നെ സെഞ്ചുറിയിലൂടെ ഫോമിലെത്താനുമായി. 36 പന്തില്‍ എട്ടു ഫോറും മൂന്നു സിക്സും സഹിതം 64 റണ്‍സ് നേടിയ ഫിഞ്ചും 28 പന്തില്‍ ഏഴു ഫോറും മൂന്നു സിക്സും സഹിതം 62 റണ്‍സെടുത്ത മാക്സ്വെലും വാര്‍ണര്‍ക്ക് ഉറച്ച പിന്തുണ നല്കി. അവസാന ഓവറിലാണ് മാക്സ്വെല് പുറത്താകുന്നത്. ആഷ്ടണ്‍ ടേണര്‍ ഒരു റണ്ണോടെ പുറത്താകാതെ നിന്നു.
ഓപ്പണിംഗ് വിക്കറ്റില്‍ ഫിഞ്ച് – വാര്‍ണര്‍ കൂട്ടുകെട്ട് 10.5 ഓവറില്‍ 122 റണ്‍സാണ് നേടിയത്. ഫിഞ്ചിനെ ലക്ഷണ്‍ സന്ദാകന്റെ പന്തില്‍ കുശാല്‍ മെന്‍ഡിസ് പിടികൂടി. വാര്‍ണറിന് കൂട്ടായി സ്ഥാനക്കയറ്റം ലഭിച്ചെത്തിയ മാക്സ്വെല് കൂടുതല്‍ അപകടകാരിയായി. മാക്സ്വെലും വാര്‍ണറും നേടിയത് 107 റണ്‍സ്. ഒടുവില്‍ അവസാന ഓവറിലെ മൂന്നാം പന്തില്‍ ദസൂണ്‍ ഷനാകയാണ് മാക്സ്വെല്ലിനെ പുറത്താക്കിയത്.
മറുപടി ബാറ്റിംഗില്‍ ഓസീസ് ബൗളര്‍മാര്‍ ലങ്കയെ നിലം തൊടാന്‍ അനുവദിച്ചില്ല. ആദ്യ ഓവറില്‍തന്നെ കുശാല്‍ മെന്‍ഡിസ് പൂജ്യനായി മടങ്ങി. ഇടയ്ക്ക് കുശാല്‍ പെരേര (16 പന്തില്‍ 16), ഒഷാഡ ഫെര്‍ണാണ്ടോ (21 പന്തില്‍ 13) എന്നിവരുടെ നാലാം വിക്കറ്റ് കൂട്ടുകെട്ട് ലങ്കയ്ക്ക് എന്തെങ്കിലും പ്രതീക്ഷകള്‍ നല്കുമെന്നു കരുതി. 33 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. 17 റണ്‍സെടുത്ത ദസൂണ്‍ ഷനകയാണ് അവരുടെ ടോപ് സ്കോറര്‍.
ഓസീസിനായി ആദം സാംപ മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ടു വീതവും ആഷ്ടണ്‍ ടേണര്‍ ഒരു വിക്കറ്റും വീഴ്ത്തി.